മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും കര്‍ശന നിയന്ത്രണം.
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ വിവാദമായ സാഹചര്യത്തില്‍ പുനപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കല്‍, മോഡറേഷന്‍, വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം എന്നിവയില്‍ പങ്കാളികളായ മുഴുവന്‍ വിദഗ്ധരെയും അതീവ രഹസ്യ സ്വഭാവമുള്ള ഒരു കേന്ദ്രത്തിലേക്കാണ് മാറ്റി.
ജൂണ്‍ 21ന് പരീക്ഷ അവസാനിക്കുന്നത് വരെ ഇവര്‍ പൂര്‍ണമായും ലോക്ക്ഡൗണിലായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുനപരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ രാജ്യത്തെ പ്രവേശന പരീക്ഷാ ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും (എന്‍ടിഎ) ഒരുക്കിയിരിക്കുന്നത്.
മെയ് മാസം നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ്, പരീക്ഷാ നടത്തിപ്പില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ അസാധാരണ നടപടി.
ചോദ്യ പേപ്പര്‍ നിര്‍മാണത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ തന്നെ അതിശക്തമായ സുരക്ഷാ വലയമാണ് അധികൃതര്‍ തീര്‍ത്തിരിക്കുന്നത്. പരീക്ഷാ ചുമതലയുള്ള വിദഗ്ധര്‍ക്ക് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. പുറം ലോകവുമായി യാതൊരുവിധ ബന്ധവും അനുവദിക്കില്ല.
ഇവര്‍ കഴിയുന്ന കേന്ദ്രത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും റദ്ദാക്കുകയോ കര്‍ശനമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. അതീവ സുരക്ഷയുള്ള കേന്ദ്രത്തിന് ചുറ്റും ഇരുപത്തിനാല് മണിക്കൂറും കര്‍ശന നിരീക്ഷണമുണ്ടാകും. മുന്‍കൂട്ടി അനുമതിയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്. അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ നീക്കങ്ങളും രേഖപ്പെടുത്തും.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നത് 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. അതേസമയം ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യതയുള്ള എല്ലാ വഴികളും അടയ്ക്കുന്നതിന്റെ ഭാഗമായി പരീക്ഷാ സാമഗ്രികള്‍ രാജ്യത്തുടനീളം എത്തിക്കാന്‍ ഇന്ത്യന്‍ വ്യോമ സേനയുടെ സഹായം തേടുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ ബയോമെട്രിക് വെരിഫിക്കേഷനും എഐ അധിഷ്ഠിത സിസിടിവി നിരീക്ഷണവും ഇത്തവണ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂണ്‍ 21 നാണ് രാജ്യത്തെ 551 നഗരങ്ങളിലായി നീറ്റ് പുനപരീക്ഷ നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.