അന്നപൂര്‍ണ ബേസ് ക്യാമ്പ് കീഴടക്കിയ അദ്വൈത് കൃഷ്ണയ്ക്ക് 'സൗഹൃദം 87' ന്റെ സ്വീകരണം; ഒപ്പം കാലം കാത്തുവെച്ച അപൂര്‍വ ഒത്തുചേരലും

 അന്നപൂര്‍ണ ബേസ് ക്യാമ്പ് കീഴടക്കിയ അദ്വൈത് കൃഷ്ണയ്ക്ക് 'സൗഹൃദം 87' ന്റെ സ്വീകരണം; ഒപ്പം കാലം കാത്തുവെച്ച അപൂര്‍വ ഒത്തുചേരലും

മുളന്തുരുത്തി: ഹിമാലയത്തിലെ ഏറെ ദുര്‍ഘടം പിടിച്ച അന്നപൂര്‍ണ ബേസ് ക്യാമ്പ് (ABC) ട്രെക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി നാടിന്റെ അഭിമാനമായി മാറിയ അദ്വൈത് കൃഷ്ണയ്ക്ക് മുളന്തുരുത്തിയില്‍ സ്വീകരണം. മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1987 എസ്.എസ്.സി ബാച്ചിന്റെ കൂട്ടായ്മയായ 'സൗഹൃദം 87' ന്റെ ആഭിമുഖ്യത്തിലാണ് അനുമോദന സമ്മേളനം സംഘടിപ്പിച്ചിരിക്കു്‌നനത്.

ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10 ന് സ്‌കൂള്‍ അങ്കണത്തില്‍ (കെ. കെ. ജോര്‍ജ്ജ് നഗര്‍) നടക്കുന്ന ചടങ്ങ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. 'സൗഹൃദം 87' കൂട്ടായ്മയുടെ പ്രസിഡന്റ് സാബു കോകില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ലഫ്. കേണല്‍ ഡോ. അജി കെ. എല്‍. സ്വാഗതം ആശംസിക്കും. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോര്‍ജ് മുഖ്യ അനുമോദന സന്ദേശം നല്‍കും. ട്രഷറര്‍ രാധാകൃഷ്ണന്‍ എന്‍. ബി. ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കും.

ചടങ്ങില്‍ അദ്വൈതിന്റെ ഭാവി സാഹസിക യാത്രകള്‍ക്ക് പിന്തുണയുമായി ഡെക്കാത്ലണ്‍ വൈറ്റില സ്‌പോണ്‍സര്‍ ചെയ്ത ട്രെക്കിങ് ബാക്ക്പാക്ക് മന്ത്രി അദ്വൈതിന് കൈമാറും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. എ. ജോഷി, മായാദേവി (ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ് മുളന്തുരുത്തി), മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ബിനോയ് ഹരിദാസ്, സ്‌നേഹ ഷിവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

നാടിന്റെ അഭിമാനം

1987 എസ്.എസ്.സി ബാച്ച് അംഗമായ ഗോപാലകൃഷ്ണന്റെ മകനാണ് അദ്വൈത് കൃഷ്ണ. സമുദ്രനിരപ്പില്‍ നിന്ന് 4130 മീറ്റര്‍ ഉയരത്തിലുള്ള അന്നപൂര്‍ണ ബേസ് ക്യാമ്പ് കീഴടക്കിയ അദ്വൈത് ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ്.

1987 ലെ ആ ഒരേയൊരു എസ്.എസ്.സി ബാച്ചും, കാലം കാത്തുവെച്ച അപൂര്‍വ ഒത്തുചേരലും!

കേരളത്തിലെ 1987 ലെ പത്താം ക്ലാസുകാര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ഓര്‍മ്മയുണ്ട്. അക്കൊല്ലം അവര്‍ക്ക് കിട്ടിയത് എസ്.എസ്.എല്‍.സി ബുക്കല്ല, പകരം എസ്.എസ്.സി (Secondary School Certificate) ബുക്കായിരുന്നു. അന്നത്തെ ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ വലിയൊരു വിദ്യാഭ്യാസ പരിഷ്‌കരണമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം വന്ന പുതിയ മന്ത്രിസഭ ഈ പേരുമാറ്റം പിന്‍വലിച്ചതോടെ കേരള ചരിത്രത്തിലെ ഒരേയൊരു 'എസ്.എസ്.സി ബാച്ചായി' ആ 1987 ബാച്ച് മാറി.

ഇന്നിതാ മുപ്പത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചരിത്ര ബാച്ചിലെ ഒരു അംഗത്തിന്റെ മകന്റെ അനുമോദന ചടങ്ങിലേക്ക് മുഖ്യാതിഥിയായി എത്തുന്നത് മറ്റാരുമല്ല, അന്ന് ആ പരിഷ്‌കാരം നടപ്പിലാക്കിയ പ്രിയ നേതാവ് ടി.എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് ആണ്.

അന്ന് അച്ഛന്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമായ ഒരു വിദ്യാര്‍ത്ഥിയുടെ മകനെ, ഇന്ന് അദേഹത്തിന്റെ മകന്‍ നേരിട്ടെത്തി അനുമോദിക്കുന്നു. ചരിത്രവും തലമുറകളും തമ്മില്‍ കൈകോര്‍ക്കുന്ന ഇതിലും മനോഹരമായൊരു യാദൃശ്ചികത മറ്റെന്തുണ്ട് ? ഒരു കാലഘട്ടത്തിന്റെ വിദ്യാഭ്യാസ ചരിത്രവും തലമുറകളുടെ സൗഹൃദവും ഒത്തുചേരുന്ന അപൂര്‍വമായൊരു സുദിനത്തിനാണ് ഈ വേദി സാക്ഷ്യം വഹിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.