മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ നടുക്കി ഉക്രെയ്ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ മോസ്‌കോയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടുത്തമുണ്ടായി. ഇതേ തുടര്‍ന്ന് മോസ്‌കോയിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപമുള്ള നഗരത്തിലെ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രാത്രിയിലുടനീളം വിവിധ റഷ്യന്‍ പ്രദേശങ്ങളിലായി 555 ഉക്രേനിയന്‍ ഡ്രോണുകളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
'വ്യോമപ്രതിരോധ സേന വലിയ തോതിലുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നത് തുടരുകയാണ്. എങ്കിലും ചില ഡ്രോണുകള്‍ക്ക് മോസ്‌കോ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് എത്തിപ്പെടാന്‍ സാധിച്ചു'- മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഒരു ഷോപ്പിംഗ് മാളിനും കേടുപാടുകള്‍ സംഭവിച്ചതായി അദേഹം അറിയിച്ചു.
ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മോസ്‌കോയെ നടുക്കിയ ഉക്രെയ്‌ന്റെ തിരിച്ചടി.
റഷ്യന്‍ ആക്രമണങ്ങള്‍ക്കുള്ള ഉചിതമായ മറുപടിയാണെന്ന് തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് മോസ്‌കോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ തങ്ങളുടെ സൈന്യം ആക്രമണം നടത്തുന്നതെന്ന് അദേഹം പറഞ്ഞു.
ഉക്രെയ്ന്‍ ജനതയ്ക്ക് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള ന്യായമായ പ്രതികരണമാണിതെന്ന് വ്യക്തമാക്കിയ സെലന്‍സ്‌കി, റഷ്യയുടെ യുദ്ധ സന്നാഹങ്ങളെ തകര്‍ക്കാന്‍ സഹായിച്ച പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. ഇതിന് പുറമെ റോസ്തോവിലും റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലുമുള്ള ലക്ഷ്യ സ്ഥാനങ്ങളിലും ഉക്രെയ്ന്‍ ആക്രമണം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.