ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിക്ക് അമേരിക്ക അനുവദിച്ച പ്രത്യേക ഇളവുകൾ മുതലെടുത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വൻതോതിൽ വർധിപ്പിച്ചതായി റിപ്പോർട്ട്. മെയ് മാസത്തിൽ മാത്രം 670 കോടി ഡോളറിന്റെ പെട്രോളിയം ഉൽപന്നങ്ങളാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് യൂറോപ്യൻ ഗവേഷണ സ്ഥാപനമായ 'സെറ' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ഇറക്കുമതിയിൽ കഴിഞ്ഞ മാസത്തേക്കാൾ 8 ശതമാനം വർധനയുണ്ടായപ്പോൾ റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇത് 21 ശതമാനമാണ്. ഗുജറാത്തിലെ വാഡിനാർ ശുദ്ധീകരണശാലയിൽ ഏപ്രിലിനേക്കാൾ 36 ശതമാനവും ജാംനഗർ ശുദ്ധീകരണശാലയിൽ 14 ശതമാനവും അധികമായി റഷ്യൻ എണ്ണയെത്തി.
കൂടാതെ വിശാഖപട്ടണത്തേക്കുള്ള ഇറക്കുമതിയിൽ 42 ശതമാനവും ന്യൂമാംഗ്ലൂരിലേക്ക് 13 ശതമാനവും വർധന രേഖപ്പെടുത്തി. നേരത്തെ നവംബറിൽ യുഎസ് നടപടികളെത്തുടർന്ന് ചില ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചിരുന്നെങ്കിലും മാർച്ചോടെ ഇത് പുനരാരംഭിക്കുകയും പിന്നീട് ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ് (50 ശതമാനം). തൊട്ടുപിന്നിൽ 36 ശതമാനവുമായി ഇന്ത്യ രണ്ടാമതുണ്ട്. റഷ്യൻ ക്രൂഡോയിൽ നേരിട്ട് വാങ്ങുന്നതിന് വിലക്കുണ്ടെങ്കിലും, റഷ്യൻ എണ്ണ ഉപയോഗിച്ച് ഇന്ത്യ, തുർക്കി, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന പെട്രോളിയം ഉൽപന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് മാസത്തിൽ മാത്രം 20 കോടി ഡോളറിന്റെ ഇത്തരം ഉൽപന്നങ്ങളാണ് യൂറോപ്പ് വാങ്ങിയത്.
ഹോർമുസ് കടലിടുക്കിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് നൽകിയ 30 ദിവസത്തെ പ്രത്യേക ഇളവ് ഉടൻ അവസാനിക്കും. ഇളവ് അവസാനിച്ചാൽ യുഎസിന്റെ നിലപാട് എന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല. എങ്കിലും, അമേരിക്കൻ വിലക്കുകളെ തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നും, ഇളവ് നീട്ടിയാലും ഇല്ലെങ്കിലും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.