ഫ്രീസറില്ല, കപ്പല്‍ മുറിയില്‍ തണുത്ത വെള്ളക്കുപ്പികള്‍ക്കിടയില്‍ നിശാന്തിന്റെ മൃതദേഹം; കണ്ണീരോടെ കാവലിരുന്ന് സഹപ്രവര്‍ത്തകര്‍!

ഫ്രീസറില്ല, കപ്പല്‍ മുറിയില്‍ തണുത്ത വെള്ളക്കുപ്പികള്‍ക്കിടയില്‍ നിശാന്തിന്റെ മൃതദേഹം; കണ്ണീരോടെ കാവലിരുന്ന് സഹപ്രവര്‍ത്തകര്‍!

ന്യൂഡല്‍ഹി: കടലിന്റെ വന്യതയേക്കാള്‍ ഭയാനകമാണ് ചിലപ്പോള്‍ മനുഷ്യരുടെ നിസംഗത എന്ന് തെളിയിക്കുന്ന ഒരു ദാരുണ വാര്‍ത്തയാണ് ഒമാനിലെ ദുഖ്മ് തുറമുഖത്തു നിന്നും പുറത്ത് വരുന്നത്. എംടി സെലസ്റ്റിയല്‍ എന്ന കപ്പലിലെ സെക്കന്‍ഡ് ഓഫീസറും തമിഴ്നാട് സ്വദേശിയുമായ നിശാന്ത് ഉയിര്‍തനാഥന്‍ (35) എന്ന യുവ നാവികന്റെ വേര്‍പാട് കപ്പല്‍ ജീവനക്കാരെ മാത്രമല്ല കേട്ടവര്‍ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്.

നാട്ടില്‍ നിശാന്തിന്റെ കുടുംബം ഈ വിയോഗ വാര്‍ത്തയില്‍ തകര്‍ന്നിരിക്കുമ്പോള്‍, ഒമാന്‍ തീരത്ത് അദേഹത്തിന്റെ സഹപ്രവര്‍ത്തകരും അതീവ വേദനയിലൂടെയാണ് കടന്നുപോകുന്നത്. കപ്പലില്‍ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രീസര്‍ സംവിധാനമില്ലാത്തതിനാല്‍, തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ശരീരം ജീര്‍ണിച്ച് പോകാതിരിക്കാന്‍ തണുത്ത വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ അതിനുമുകളില്‍ അടുക്കിവെച്ച് കാവലിരിക്കുകയാണ് ഈ നാവികര്‍.



ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നിശാന്തിന് കടുത്ത ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും ആരംഭിക്കുന്നത്. നിശാന്തിന്റെ അവസ്ഥ മോശമായതോടെ കപ്പലിലെ ക്യാപ്റ്റന്‍ രാജേന്ദ്ര യാദവും മറ്റ് ജീവനക്കാരും കപ്പല്‍ കമ്പനിയോട് അടിയന്തര വൈദ്യ സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പശ്ചിമേഷ്യന്‍ കടലിടുക്കിലെ നിയന്ത്രണങ്ങളും കപ്പല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നിസംഗതയും കാരണം ഈ അടിയന്തര സന്ദേശങ്ങള്‍ ആരും കേട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (FSUI) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ചികിത്സയ്ക്കായി യാചിച്ചും നിലവിളിച്ചും ഒടുവില്‍ ജൂണ്‍ 11 ന് നിശാന്ത് കപ്പല്‍ മുറിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. തങ്ങളുടെ കണ്‍മുന്നില്‍ ഒരു ജീവന്‍ പൊലിഞ്ഞു പോയതിന്റെ വേദനയേക്കാള്‍ വലുതായിരുന്നു ആ ഭൗതിക ശരീരം നോക്കി ജീവനക്കാര്‍ക്ക് നില്‍ക്കേണ്ടി വന്ന സാഹചര്യം. എക്‌സ് പ്ലാറ്റ്‌ഫോമില്‍ യൂണിയന്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍, ഒരു ചെറിയ ക്യാബിനില്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്കിടയില്‍ കിടത്തിയിരിക്കുന്ന നിശാന്തിന്റെ മൃതദേഹം ഏതൊരു മനുഷ്യന്റെയും നെഞ്ചുലയ്ക്കുന്നതാണ്.

അന്താരാഷ്ട്ര ഉപരോധങ്ങളും പരിശോധനകളും കപ്പലിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുത്തിയതാണ് രക്ഷാ പ്രവര്‍ത്തനം വൈകാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ മെയ് 20 ന് യു.എസ് മറീന്‍സ് ഈ കപ്പല്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും മേഖലയിലെ കടുത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം നിശാന്തിന് അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. കപ്പല്‍ കമ്പനി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോയി എന്നാണ് കപ്പലിലെ മറ്റ് 15 ജീവനക്കാര്‍ പറയുന്നത്.

മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഒമാന്‍ അധികൃതരുമായും കപ്പല്‍ കമ്പനിയുമായും ബന്ധപ്പെട്ട് നിശാന്തിന്റെ ഭൗതിക ശരീരം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് എംബസി അറിയിച്ചു.
കടലിലെ കടുത്ത ചൂടില്‍ നാളെയെക്കുറിച്ചുള്ള ആശങ്കകളോടെ തങ്ങളുടെ പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിന് തണുത്ത വെള്ളക്കുപ്പികള്‍ കൊണ്ട് കാവലൊരുക്കുന്ന ആ 15 നാവികരുടെ ചിത്രം സുരക്ഷ സംബന്ധിച്ച വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. അതേസമയം ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി നാവിക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.