കൊളോണിയല്‍ പ്രൗഢിക്ക് വിട; ആര്‍മി യൂണിഫോംസ് 2026 പരിഷ്‌കാരങ്ങളുമായി ഇന്ത്യന്‍ സൈന്യം

കൊളോണിയല്‍ പ്രൗഢിക്ക് വിട; ആര്‍മി യൂണിഫോംസ് 2026 പരിഷ്‌കാരങ്ങളുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണകാലത്തെ അടയാളങ്ങളും ചടങ്ങുകളും പൂര്‍ണമായും ഒഴിവാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ സ്വത്വത്തിനും ദേശീയ വികാരത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് സൈനിക പാരമ്പര്യങ്ങളെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പുതുതായി പുറത്തിറക്കിയ ആര്‍മി യൂണിഫോംസ് 2026 ലഘുലേഖയിലാണ് വസ്ത്രധാരണ രീതികള്‍ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്ളത്.

പ്രധാന മാറ്റങ്ങളില്‍ ഒന്ന് സൈന്യത്തിന്റെ ഔദ്യോഗിക സിവില്‍ വസ്ത്രങ്ങളുടെ ഭാഗമായി ഇന്ത്യയുടെ തനത് ബന്ദി ജാക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടിനും ഔദ്യോഗിക ട്രൗസറിനും ഒപ്പം അടഞ്ഞ കഴുത്തുള്ള ബന്ദി ജാക്കറ്റ് ധരിക്കാവുന്നതാണ്. കൂടാതെ റിവ്യൂയിങ് ഓഫീസര്‍മാര്‍ വാളുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്ന വ്യവസ്ഥ മാറ്റിയതോടെ അത് ഇനി അവരുടെ ഇഷ്ടാനുസരണമായിരിക്കും.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കരസേനാ ദിനം, ഗാര്‍ഡ് ഓഫ് ഓണര്‍ തുടങ്ങിയ പ്രധാന ചടങ്ങുകളില്‍ പരേഡ്, കണ്ടിന്‍ജന്റ് കമാന്‍ഡര്‍മാര്‍ക്കും നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഇനി വാള്‍ ധരിക്കാന്‍ അനുവാദമുള്ളൂ. ഇതിനൊപ്പം ചില പ്രത്യേക വസ്ത്രങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പരമ്പരാഗത പൗച്ച് ബെല്‍റ്റുകള്‍ സൈന്യം ഒഴിവാക്കുകയും ബ്രിട്ടീഷ് കാലം മുതല്‍ തുടര്‍ന്ന് പോന്ന റോയല്‍ ഉള്‍പ്പെടെയുള്ള കൊളോണിയല്‍ പദപ്രയോഗങ്ങള്‍ ഇനി സൈന്യത്തില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സൈന്യത്തിനായി പുതിയ ശൈത്യകാല വസ്ത്രവും പരിചയപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പരമ്പരാഗത ജേഴ്‌സിക്ക് പകരമായി ബാറ്റില്‍ ജാക്കറ്റ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2029 ജൂണില്‍ എല്ലാ റാങ്കുകളിലുള്ളവര്‍ക്കും ശൈത്യകാലത്ത് ഈ ബാറ്റില്‍ ജാക്കറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കും.

യൂണിഫോം ധരിക്കുമ്പോള്‍ പാലിക്കേണ്ട വ്യക്തിഗത അച്ചടക്കത്തെക്കുറിച്ച് കര്‍ശനമായ നിര്‍ദേശങ്ങളാണ് പുതിയ നിര്‍ദേശത്തില്‍ ഉള്ളത്. അസാധാരണമായ ഹെയര്‍സ്‌റ്റൈലുകള്‍, അനുമതിയില്ലാത്ത താടി എന്നിവ പൂര്‍ണമായും നിരോധിച്ചു. ശരീരത്തില്‍ പുറത്ത് കാണുന്ന രീതിയിലുള്ള ടാറ്റൂകള്‍, ബോഡി പിയേഴ്സിങ് (ശരീരം തുളയ്ക്കല്‍), മേക്കപ്പ് എന്നിവയ്ക്കും വിലക്കുണ്ട്. കൂടാതെ മുന്‍കൂട്ടി അനുമതി വാങ്ങാതെ രാഷ്ട്രീയ-മത ചടങ്ങുകളിലോ, പ്രതിഷേധങ്ങളിലോ, സ്വകാര്യ പാര്‍ട്ടികളിലോ, വിവാഹങ്ങളിലോ, പ്രതിഫലം ലഭിക്കുന്ന മാധ്യമ പരിപാടികളിലോ യൂണിഫോം ധരിച്ച് പങ്കെടുക്കാന്‍ പാടില്ലെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.