പാരീസ്: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും വന്‍ സൈനിക സംഘര്‍ഷങ്ങള്‍ക്കും വിരാമമിട്ട് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചരിത്ര പ്രധാനമായ യു.എസ്-ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറില്‍ ഔദ്യോഗികമായി ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി.
ഇതോടെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീങ്ങി കപ്പല്‍ ഗതാഗതം പുനരാരംഭിക്കും. ജി7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വേഴ്സായ് കൊട്ടാരത്തില്‍ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറില്‍ ഒപ്പുവച്ചത്. ട്രംപ് ഒപ്പിടുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും കരാര്‍ ഒപ്പുവച്ച കാര്യം സ്ഥിരീകരിച്ചു.
ഇറാനികള്‍ ബുദ്ധിശാലികളാണ്. എന്നാല്‍ കരാര്‍ ലംഘിച്ചാല്‍ കടുത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള താല്‍കാലിക കരാര്‍ നടപ്പിലാകുന്നതോടെ അടുത്ത 60 ദിവസത്തിനുള്ളില്‍ അന്തിമ വ്യവസ്ഥകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയില്‍ നിശ്ചയിച്ചിരിക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് മാറ്റം ഉണ്ടാകില്ല.
കരാറിലെ പ്രധാന വ്യവസ്ഥകള്‍:
നാവിക വിലക്ക് അവസാനിപ്പിക്കും: ഇറാനെതിരെയുള്ള നാവിക ഉപരോധം 30 ദിവസത്തിനുള്ളില്‍ യു.എസ് പൂര്‍ണമായും അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിന് മുന്‍പുണ്ടായിരുന്നതിന് ആനുപാതികമായി കപ്പലുകള്‍ക്ക് അനുമതി നല്‍കും.
ഹോര്‍മുസ് തുറക്കും: ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കും. ആദ്യത്തെ 60 ദിവസത്തേക്ക് കപ്പലുകള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല. അതിന് ശേഷം ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി പുതിയ നടത്തിപ്പ് കരാറിലെത്തും.
സാമ്പത്തിക പുനരുദ്ധാരണ ഫണ്ട്: ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30000 കോടി ഡോളറിന്റെ ഫണ്ട് രൂപീകരിക്കും.
ഉപരോധങ്ങള്‍ നീക്കും: ഇറാനെതിരെ ചുമത്തിയിട്ടുള്ള എല്ലാ സാമ്പത്തിക-വ്യാപാര ഉപരോധങ്ങളും യു.എസ് ഘട്ടഘട്ടമായി പിന്‍വലിക്കും.
ആണവ നിയന്ത്രണം: ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന് കരാറില്‍ ഉറപ്പ് നല്‍കുന്നു. നിലവില്‍ ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍ നോട്ടത്തില്‍ മാറ്റും.
ലബനന്‍ ഉള്‍പ്പെടെയുള്ള വിവിധ മുന്നണികളിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കാനും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്ന സാഹചര്യം ഒഴിവാക്കാന്‍ കരാര്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.