സാഹിത്യത്തിനുള്ള നൊബേൽ അമേരിക്കൻ കവയത്രി ലൂയി ഗ്ലുക്കിന്

സാഹിത്യത്തിനുള്ള നൊബേൽ അമേരിക്കൻ കവയത്രി ലൂയി ഗ്ലുക്കിന്

സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ കവയത്രി ലൂയി ഗ്ലുക്കിനാണ് പുരസ്കാരം. 1993 ൽ പുലിറ്റ്സർ പുരസ്കാര ജേതാവാണ് ഗ്ലുക്ക്. ദി വൈൽഡ് ഐറിസ് എന്ന സമാഹാരത്തിനായിരുന്നു പുരസ്കാരം.'വ്യക്തിയുടെ അസ്തിത്വത്തെ സാർവലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമുള്ള കാവ്യശബ്ദം' എന്നാണ് പുരസ്കാരം പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാദമി ഗ്ലൂക്കിനെ വിശേഷിപ്പിച്ചത്.

1943 ൽ ന്യൂയോർക്കിലാണ് 77 കാരിയായ ലൂയി ഗ്ലുക്കിന്റെ ജനനം. 1968 ൽ ആദ്യ കവിതാ സമാഹാരമായ ഫസ്റ്റ് ബോണിലൂടെയാണ് ഗ്ലുക്ക് സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. ഏറെ നിരൂപക പ്രശംസ നേടിയ കൃതിയായിരുന്നു ഇത്. അതിന് ശേഷം 1975 ൽ പുറത്തിറങ്ങിയ ദി ഹൗസ് ഓൺ മാർഷ് ലാന്റ് ആണ് ഗ്ലുക്കിനെ ലോക പ്രശസ്തയാക്കുന്നത്. 

2014 ൽ നാഷണൽ ബുക്ക് അവാർഡും ലൂയിസ് ഗ്ലുക്ക് നേടിയിട്ടുണ്ട്. പന്ത്രണ്ട് കവിതാസമാഹാരങ്ങളും കവിതയെ സംബന്ധിക്കുന്ന ലേഖനങ്ങളും ഗ്ലുക്ക് എഴുതിയിട്ടുണ്ട്. 

യെൽ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറാണ് ഗ്ലുക്ക്. 2006 ൽ പുറത്തിറങ്ങിയ അവേർനോ ആണ് ഗ്ലൂക്കിന്റെ മാസ്റ്റർപീസായി കരുതപ്പെടുന്നത്. ആത്മകഥാംശമുള്ള കവിതകളാണ് ഗ്ലുക്കിന്റെ പ്രത്യേകത. വൈകാരികതയും വ്യക്തിപരമായ അനുഭവങ്ങളും പുരാണവും ചരിത്രവുമെല്ലാം ഗ്ലുക്കിന്റെ കവിതകളിൽ വിഷയമാകുന്നു. 

ഭൗതിക ശാസ്ത്രം, രസതന്ത്രം, ആരോഗ്യം മേഖലകളിലെ നൊബേൽ പുരസ്കാരങ്ങൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര പ്രഖ്യാപനം വെള്ളിയാഴ്ച്ചയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.