സോഷ്യൽ മീഡിയായിൽ വായിച്ചറിഞ്ഞ ഒരു ട്രോളിൽനിന്നു തന്നെ തുടങ്ങാം. "പണ്ടൊക്കെ പെട്രോളടിച്ചു ജോലിക്കു പോയിരുന്നു, ഇപ്പോൾ പെട്രോളടിക്കാൻ ജോലിക്കു പോണം". ഫലിതത്തോടെ അവതരിപ്പിച്ചൂ എങ്കിലും യാഥാർത്ഥ്യമാണത്.
എങ്ങനെയാണു പെട്രോളും ഡീസലുമുണ്ടാവുന്നത്? ലളിതമായി പറഞ്ഞാൽ ക്രൂഡ് ഓയിലിനെ ഓയിൽ റിഫൈനറീസ് അഥവാ പെട്രോളിയം റിഫൈനറീസ് കമ്പനികളിൽ ഉയർന്ന താപനിലയിൽ ശുദ്ധീകരിച്ചാണു പെട്രോളും ഡീസലും മറ്റു ഉപഉല്പന്നങ്ങളും (നാഫ്താ, ഗാസോലിൻ, ടാർ, മണ്ണെണ്ണ, എൽപിജി, ജെറ്റ് ഓയിൽ തുടങ്ങിയവ) വേർതിരിച്ചെടുക്കുന്നത്. അതായത് നേരിട്ടു പെട്രോളും ഡീസലുമായല്ല ഇവ നമ്മുടെ രാജ്യത്തെത്തുന്നത്. ക്രൂഡ് ഓയിലായിട്ടാണെത്തുന്നത്. ക്രൂഡ് ഓയിലിൻ്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ക്രൂഡ് ഓയിൽ വില കൂടുകയും കുറയുകയും ചെയ്യാം. അതു രാജ്യാന്തരവിപണിയിലെ ഏറ്റക്കുറച്ചിലുകളും രാജ്യന്തരപ്രതിഭാസങ്ങൾക്കുമനുസരിച്ചു വ്യത്യാസപ്പെടും. അതായത് ഏകദേശം കണക്കനുസരിച്ചു ഒരു ബാരൽ എണ്ണക്കിന്നു 62.84 അമേരിക്കൻ ഡോളറാണ്. ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ചു 62.84 x 73.26 = 4600 രൂപ. അങ്ങനെയായാൽ ഒരു ലിറ്റർ അസംസ്കൃത എണ്ണക്കു ( ക്രൂഡ് ഓയിൽ) 4600/159 = 28.93 രൂപ. ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാൽ ഏകദേശം 47% പെട്രോളും 23% ഡീസലുമാണു കിട്ടുന്നത്. ബാക്കി 30% ഉപഉല്പന്നങ്ങളാണ്. ക്രൂഡ് ഓയിൽ വില നിരന്തരം കുറയുന്നതായുള്ള വാർത്തകൾ നാം കേൾക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഇന്ധനവില രാജ്യാന്തര വില നിലവാരത്തിനാനുപാതികമായി കുറയാത്തതെന്തുകൊണ്ട്?. അസംസ്കൃതവസ്തുവിൻ്റെ വില കൂടുമ്പോൾ ഉല്പന്നത്തിൻ്റെ വില കൂടും അതു സ്വാഭാവിക പ്രതിഭാസമാണ്. എന്നാൽ നമ്മുടെ നാട്ടിൽ അസംസ്കൃതവസ്തുവിൻ്റെ വില കൂടുമ്പോഴും കുറയുമ്പോഴും ഒരേ ദിശയിൽ വില കൂടുക മാത്രം ചെയ്യുന്ന രണ്ടു വസ്തുക്കളാണ് പെട്രോളും ഡീസലും. വിരോധാഭാസമായി തോന്നാം. നമുക്കൊന്ന് പരിശോധിക്കാം.
പെട്രോൾ, ഡീസൽ വിലക്കു മേലുള്ള നിയന്ത്രണങ്ങൾ സർക്കാർ എടുത്തു കളഞ്ഞിട്ടു കാലം കുറേയായി. ഇപ്പോൾ വില നിശ്ചയിക്കുന്നതു എണ്ണക്കമ്പനികളാണ്. എണ്ണക്കമ്പനികൾ അസംസ്കൃതഎണ്ണ വാങ്ങുവാനുള്ള ചിലവും ശുദ്ധീകരിക്കുവാനുള്ള ചിലവുകളും ഗതാഗത ചാർജ്ജുകളും കസ്റ്റംസ് തീരുവയും അടിസ്ഥാനമാക്കിയാണു അതിൻ്റെ വില നിശ്ചയിക്കാറുള്ളത്. ഇതിനുള്ള അധികാരം സർക്കാർ തന്നെയാണു അവർക്കു നൽകിയത്. അതേപോലെ ഇന്ധന വില നിശ്ചയിക്കുന്ന രണ്ടാമത്തെ ഘടകം സർക്കാറിൻ്റെ നികുതികളാണ്. അതായത് രാജ്യാന്തരവിപണിയിൽ എണ്ണയുടെ വില കുറയുമ്പോൾ വരുമാനം വർധിപ്പിക്കാനായി സർക്കാർ കൂടുതൽ നികുതി ഏർപ്പെടുത്തും. ഫലമോ ഉപഭോക്താക്കൾ നിലവിലുള്ളതോ അതിൽ കൂടുതലോ വില കൊടുക്കാൻ നിർബന്ധിതരാകും. അതായത് സർക്കാരിൻ്റെ നഷ്ടങ്ങൾ മറയ്ക്കാനുള്ള അധികഭാരം പലതരത്തിലുള്ള നികുതികളായി ജനത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. സർക്കാർ ലാഭം കൊയ്യുമ്പോൾ സാധാരണ ജനങ്ങൾക്കു പറയാനുള്ളതു നഷ്ടകണക്കുകൾ മാത്രം. വീണ്ടും ചില സംശയങ്ങളുയരുന്നു. എണ്ണയുടെ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയുടെ ശതമാനവും ആനുപാതികമായി കുറയേണ്ടതല്ലയോ? അല്ലെങ്കിൽ എണ്ണയുടെ സംസ്ക്കരണത്തിനുശേഷം ലഭിക്കുന്ന പെട്രോളിൻ്റേയും ഡീസലിൻ്റേയും നിരക്കുകൾ എണ്ണക്കമ്പനികൾ നിശ്ചയിക്കുമ്പോൾ അതിനാനുപാതികമായി കുറയുകയോ കൂടുകയോ ചെയ്യേണ്ടതല്ലയോ? പിന്നെയെന്തുകൊണ്ടാണ് വിലയുടെ ഗ്രാഫ് മാത്രം മുകളിലേക്കു കുതിക്കുന്നത്?
സർക്കാർ ജനങ്ങൾക്കു നികുതി ചുമത്തുന്നതു ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയുടെ അടിസ്ഥാനത്തിലല്ലാത്തതാണിതിനു കാരണം. നികുതി ചുമത്തപ്പെടുന്നതു ഒരു ലിറ്റർ പെട്രോളിനിത്ര രൂപാ, ഒരു ലിറ്റർ ഡീസലിനിത്ര രൂപാ എന്ന നിരക്കിലാണ്. പെട്രോളിൻ്റേയും ഡീസലിൻ്റെയും അടിസ്ഥാനവില നിർണ്ണയത്തിലുള്ള ഇടപെടലുകൾ സർക്കാർ അവസാനിപ്പിക്കുകയും അതു സ്വകാര്യകമ്പനികളെ ഏൽപ്പിക്കുകയും അവർ വില നിശ്ചയിച്ചശേഷം നികുതിയേർപ്പെടുത്തി ഉല്പന്നത്തിൻ്റെ അവസാനവിലയിടുകയും ചെയ്യുകയാണ്. അപ്പോൾ ഒരു കാര്യം വ്യക്തമാണ് സ്വകാര്യകമ്പനികളും സർക്കാരും ഇടപെട്ടാൽ മാത്രമേ ഇതു നിയന്ത്രണവിധേയമാക്കാനാവൂ.
ഇനി നികുതി എങ്ങനെ സാധാരണക്കാരനു കീറാമുട്ടിയാകുന്നെന്നു നോക്കാം. അതിനു മുൻപായി എന്താണു നികുതിയും സെസ്സും തമ്മിലുള്ള വ്യത്യാസം എന്നു നോക്കാം.ലളിതമായി പറഞ്ഞാൽ നികുതി എന്നതു കൂടുതൽ വിശാലമായ പദമാണ്. അതായത് നികുതി ഏർപ്പെടുത്തുമ്പോൾ അതു വ്യക്തിയുടെ വരുമാനത്തിനു ബാധകമാണ്. എന്നാൽ ഒരു നിശ്ചിത വ്യക്തിക്കായി കണക്കാക്കിയ നികുതി തുകയുടെ ശതമാനമായി ഈടാക്കുന്ന തുകയാണു സെസ്സ്. സർക്കാറിൻ്റെ പ്രത്യേക പദ്ധതികൾക്കു വേണ്ടിയാണു സാധാരണ സെസ്സ് ഏർപ്പെടുത്തുന്നത്. അതായതു, സർക്കാറിൻ്റെ ശ്രദ്ധ ആവശ്യമാണെന്നു തോന്നുന്ന ഒരു പ്രത്യേക സ്‌ക്കീമിനെ പ്രോത്സാഹിപ്പിക്കുന്നതിനാണു സെസ്സ് ഏർപ്പെടുത്തുന്നത്. പെട്രോൾ, ഡീസൽ എന്നിവയ്ക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നികുതി നിരക്കുകൾ താഴെ പറയുന്നതു പ്രകാരമാണ്.
- എക്സൈസ് നികുതി
- അഡീഷണൽ എക്സൈസ് നികുതി
- കൃഷി, അടിസ്ഥാന വികസന സെസ്സ്
- റോഡ്, അടിസ്ഥാന സൗകര്യ വികസന സെസ്സ്
ഇതിൽ ഏകദേശ നികുതിനിരക്കുകൾ താഴെച്ചേർക്കുന്നു (മാർച്ച് ആദ്യ വാരം അടിസ്ഥാനമാക്കിയുള്ളത്).
- അടിസ്ഥാന എക്സൈസ് നികുതി - 1.4 Rs/litre
- അഡീഷണൽ എക്സൈസ് നികുതി - 11Rs/litre
- കൃഷി, അടിസ്ഥാന വികസന സെസ്സ് - 2.5 Rs/litre
- റോഡ്, അടിസ്ഥാന സൗകര്യ വികസന സെസ്സ് - 18 Rs/litre
ആകെ: - 32.90 Rs/litre
ഇതിൽ മുകളിൽ വിവരിച്ച നികുതികളിൽ അടിസ്ഥാന എക്സൈസ് നികുതിയുടെ 41% മാത്രമാണു കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതം വയ്ക്കുന്നത്. അതായത് 1.4 x .0.41= 0.574 =57 പൈസാ. അപ്പോൾ ഒരു ലിറ്റർ പെട്രോളിനു കേന്ദ്രത്തിനു 32.90 - 0.57 =32.33 രൂപാ നികുതിയായി ലഭിക്കുന്നു. അപ്പോൾ കേരളത്തിനു കേന്ദ്രത്തിൻ്റെതായി എന്തു ലഭിക്കുന്നു എന്നു നോക്കാം. മേൽപറഞ്ഞ കണക്കുകൾ പ്രകാരം ഒരു ലിറ്റർ പെട്രോളിനു എല്ലാ സംസ്ഥാനങ്ങൾക്കുമായും കേന്ദ്രം നൽകുന്ന നികുതിവിഹിതം 57 പൈസായാണ്. ഈ വിഹിതത്തെ കേന്ദ്രം ജനസംഖ്യയുടേയും മറ്റനേകം ഘടകങ്ങളുടേയും അടിസ്ഥാനത്തിൽ വിഭജിച്ചു, അവസാനം കേരളത്തിനു ലഭിക്കുന്ന വിഹിതം 1.9% മാത്രമാണ്, അതായത് 57 x 0.019 =1.08 =1 പൈസാ; ഏകദേശം ഒരു പൈസാ. ഇനി കേരളത്തിലെ നികുതികളേക്കുറിച്ചു പരിശോധിക്കാം. കേന്ദ്രത്തിൽ നിന്നും ഒരു ലിറ്ററിനു ഒരു പൈസാ കിട്ടുന്നു. കൂടാതെ ഏകദേശം 30% വിൽപ്പന നികുതിയാണു നമ്മുടെ സംസ്ഥാനം ഈടാക്കുന്നത്. ഇതിനോടു 1.2 രൂപാ സെസ്സായും ചേർത്തു മൊത്തം ഏകദേശം 20.67 രൂപാ ഒരു ലിറ്റർ പെട്രോളിനു നികുതിയിനത്തിൽ കേരള സർക്കാരിനു ലഭിക്കും.
ചുരുക്കിപ്പറഞ്ഞാൽ ഇന്നു കേരളത്തിൽ ഒരു ലിറ്റർ പെട്രോളിൻ്റെ വില ഏകദേശം 93.05 രൂപയാണ്. ബാരലിനു 62.84 ഡോളറായി അസംസ്കൃത എണ്ണ തുറമുഖത്തെത്തുന്നു. അതു എണ്ണക്കമ്പനികൾ വാങ്ങുന്നു. 62.84 X 73.26 (ഡോളറിനുള്ള ഏകദേശ വിനിമയനിരക്ക്) = 4600 രൂപ/ബാരൽ. (1 ബാരൽ =159 ലിറ്റർ)
അങ്ങനെ നോക്കിയാൽ ചിലവ് 4600/159 =28.93 രൂപ/ലിറ്റർ
- അതായതു എണ്ണക്കമ്പനികൾ ക്രൂഡ് ഓയിൽ ലിറ്ററിനു ഏകദേശം 28.93 + കസ്റ്റംസ് ഡ്യൂറ്റി, കൊടുത്തു വാങ്ങുന്നു.
- കേന്ദ്രസർക്കാർ നികുതികൾ = 32.33 രൂപ/ലിറ്റർ
- കേരളാ സർക്കാറിൻ്റെ നികുതികൾ = 20.67 രൂപ/ലിറ്റർ
- ഡീലർ കമ്മീഷൻ = 3.69 രൂപ/ലിറ്റർ
ബാക്കി തുക = 93.05 - (28.93 + 32.33 + 20.67 + 3.69) = 93.05 - 85.62 = 7.43 രൂപ/ലിറ്റർ
ഈ തുക, 7.43 രൂപ/ലിറ്റർ എന്നതു ഗതാഗത ചാർജ്ജുകളുടേയും കസ്റ്റംസ് തീരുവയുടേയും, ശുദ്ധീകരണ ചിലവുകളുടേയും, കമ്പനിയുടെ ലാഭത്തിൻ്റേയും ആകെ തുകയായി കണക്കാക്കാം. ( വിവരിച്ചിരിക്കുന്ന കണക്കുകൾ 01.03.2021 ലെ മാർക്കറ്റ് നിരക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്)
സംഗ്രഹിച്ചാൽ:
ഒരു ലിറ്റർ പെട്രോളിനു,
- കമ്പനികളെടുക്കുന്നത് = 28.93 + 7.43 = 36.36 രൂപാ/ലിറ്റർ
- കേന്ദ്ര സർക്കാരെടുക്കുന്നത് = 32.33 രൂപാ/ലിറ്റർ
- കേരളാ സർക്കാരെടുക്കുന്നത് = 20.67 രൂപാ/ലിറ്റർ
- ഡീലർ കമ്മീഷൻ = 3.69 രൂപാ/ലിറ്റർ
അങ്ങനെ എല്ലാവരും കൂടി സാധാരണക്കാരൻ്റെ തലയിൽ അടിച്ചേൽപ്പിക്കുന്നവില = 36.36 + 32.33 + 20.67 + 3.69 = 93.05 രൂപാ/ലിറ്റർ
ഇതിൽനിന്നും വളരെ വ്യക്തമാണു ആരൊക്കെ വിചാരിച്ചാൽ പെട്രോളിൻ്റേയും ഡീസലിൻ്റേയും നിരുക്കുകൾ നിയന്ത്രണവിധേയമാക്കാമെന്നത്. ഈ നിരത്തിയ കണക്കുകളിൽ 28.93 മാറ്റാൻ പറ്റില്ല, കാരണം അതു ഒരു ലിറ്റർ എണ്ണക്കുള്ള അടിസ്ഥാനവിലയാണ്. മാറ്റാൻ പറ്റുന്ന സംഖ്യകൾ 32.33, 20.67, 7.43 എന്നിവയാണ്. ഇതിൽ ഏറ്റവും പ്രധാന ഘടകം കേന്ദ്രസർക്കാറിൻ്റെ നികുതിയായ 32.33 രൂപയാണ്. രണ്ടാമത്തേതു കേരളസർക്കാറിൻ്റെ നികുതിയായ 20.67 രൂപയും മൂന്നാമത്തേതു സ്വകാര്യകമ്പനി വിഹിതമായ 7.43 രൂപയുമാണ്. ഏറ്റവും കൂടുതൽ വിലയെ സ്വാധീനിക്കുന്ന ഘടകം കേന്ദ്രസർക്കാറിൻ്റെ അധിക നികുതികളാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒപ്പം എണ്ണക്കമ്പനികളും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ വിഷയത്തിൽ സാധാരണജനത്തിനു തുണയാവുന്ന തീരുമാനം കൈക്കൊള്ളാനാവൂ എന്നതു കണക്കുകളിലൂടെ വ്യക്തമാണ്. ഇവിടെ യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചു പാവപ്പെട്ടവൻ്റെ കണ്ണിൽ പൊടിയിട്ടു, അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണു കേന്ദ്രവും സംസ്ഥാനങ്ങളും. മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുകളിലാണു നമ്മുടെ രാജ്യം ഏർപ്പെടുത്തുന്ന നികുതി. അടിസ്ഥാനവിലയുടെ ഏകദേശം 65% (പരമാവധി) പല രാജ്യങ്ങളും നികുതിയായി ഏർപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യം മൂന്നിരട്ടിയോളമാണു (300%) നികുതിഭാരമായി സാധാരണക്കാരൻ്റെ തലയിലടിച്ചേൽപ്പിക്കുന്നത്.
പെട്രോളും ഡീസലും കേവലം ഉപഭോഗവസ്തുക്കളല്ല. മറിച്ച് മറ്റു പല അവശ്യ സാധനങ്ങളുടേയും വില നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകുന്ന പ്രധാന ഘടകങ്ങളാണ്. അസംസ്കൃത വസ്തുവിൻ്റെ രാജ്യാന്തരവില ഇത്രയും കുറവായിരുന്നിട്ടും പെട്രോളിനും ഡീസലിനും വില കുറയ്ക്കാതെ സർക്കാരിൻ്റെ ഉല്പാദനക്കുറവിനെ നികത്താനായി അധികഭാരമായി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതു തീർത്തും അന്യായവും അപലപനീയവും എതിർക്കപ്പെടേണ്ടതുമാണ്. രാജ്യന്തരവിലക്കുറവിൻ്റെ ഒരു പ്രയോജനവും ജനത്തിനു ലഭിക്കുന്നില്ല എന്നുമാത്രമല്ല, വില എതിർദിശയിൽ കുതിക്കുകയുമാണ്. പാവപ്പെട്ടവൻ്റെ മുഖത്തേറ്റ കനത്ത ആഘാതമായിതു മാറിയിരിക്കുന്നു ഇന്ധന നികുതികൾ. ജീവിക്കാൻ ജോലി ചെയ്തിരുന്ന ജനമിന്നു, ഇന്ധനം വാങ്ങാൻ ജോലി ചെയ്യേണ്ട ദുർവിധി വന്നിരിക്കുകയാണ്. പാർലമെൻറിൽ ഈ വിഷയം ശക്തമായി ഉന്നയിക്കപ്പെടേണ്ടതാണ്. ജനപ്രതിനിധികൾ സാധാരണക്കാരൻ്റെ നിഴലായി നിൽക്കേണ്ട സമീപനമാണു ഈ വിഷയത്തിൽ സ്വീകരിക്കേണ്ടത്. ഉൽപ്പാദനം കൂട്ടിയോ, യോജ്യമായ മറ്റു പോംവഴികൾ തേടിയോ നികത്തേണ്ട സർക്കാരിൻ്റെ ബാധ്യതകൾ പൊതുജനത്തിൻ്റെ തലയിൽ കെട്ടിവയ്ക്കുന്നതു ശരിയല്ല. നാടൻഭാഷയിൽ പറഞ്ഞാൽ ഇടിവെട്ടിയവൻ്റെ തലയിൽ പാമ്പുകടിച്ച അവസ്ഥയായി ജനത്തിനിപ്പോൾ. പാവപ്പെട്ടവനു നീതിക്കും നല്ല ദിനങ്ങൾക്കുമായി ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നറിയില്ല.
"കണ്ണുതുറക്കേണ്ടവർ കണ്ണു തുറന്നു കാണണം കഷ്ടപ്പെടുന്നവന്റെ കണ്ണീർ"
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.