ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ 48 ടീമുകളില്‍ ഇനിയുള്ളത് 32 ടീമുകള്‍. ലോകകപ്പിലെ നോക്കൗട്ട് ചിത്രങ്ങള്‍ തെളിയുമ്പോള്‍ പോരാട്ടങ്ങള്‍ തീപാറും. ഗ്രൂപ്പ് ജെ യിലെ മത്സരങ്ങള്‍ കഴിഞ്ഞതോടെ നോക്കൗട്ടിലേക്കുള്ള 32 ടീമുകളുടെയും എതിരാളികള്‍ ആരെന്ന് വ്യക്തമായി.
സഹ ആതിഥേയരായ മെക്‌സിക്കോ, ഫ്രാന്‍സ്, അര്‍ജന്റീന ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, മൊറോക്കോ, യുഎസ്, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ബെല്‍ജിയം, സ്‌പെയിന്‍, കാബോ വെര്‍ദെ, കൊളംബിയ, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് ടീമുകള്‍ സമനില വഴങ്ങിയെങ്കിലും തോല്‍വിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.
നോക്കൗട്ടില്‍ മുന്‍ ചാംപ്യന്മാരായ ബ്രസീലിനെ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ നേരിടുന്നതും പോര്‍ച്ചുഗല്‍- ക്രൊയേഷ്യ പോരാട്ടവും കാണേണ്ട മത്സരങ്ങളാണ്. തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് ജപ്പാന്‍-ബ്രസീല്‍ മത്സരം.
ആദ്യ കളിയില്‍ മൊറോക്കോയോട് അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും പിന്നീട് സെലക്കാവോകള്‍ മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ടത്. മികച്ച ഫോമിലാണ് ജപ്പാന്‍ കളിക്കുന്നത് എന്നതാണ് ഈ പോരിനെ ശ്രദ്ധേയമാക്കുന്നത്. കടുത്ത പരീക്ഷണമാണ് മുന്‍ ചാംപ്യന്‍മാരെ കാത്തിരിക്കുന്നത്. യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ ജപ്പാന്‍ തളച്ചിരുന്നു.
ജര്‍മനിക്ക് എതിരാളികള്‍ പരാഗ്വെ ആണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ജര്‍മന്‍ ക്യാമ്പ്. എന്നാല്‍ ക്യുറസാവിനോടും ഐവറി കോസ്റ്റിനോടും മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസവും മുന്‍ ലോക ചാംപ്യന്മാര്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് ലോക കപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെന്ന നാണക്കേട് കൂടിയാണ് കിമ്മിച്ചും സംഘവും ഇത്തവണ തീര്‍ത്തത്.
നോക്കൗട്ടിലെ മറ്റൊരു ഗ്ലാമര്‍ പോരാട്ടമാണ് നെതര്‍ലാന്‍ഡ്സും മൊറോക്കയും തമ്മിലുള്ളത്. ബ്രയാന്‍ ബ്രോബിയുടെയും ഗാക്‌പോയുടെയും മിന്നും പ്രകടനത്തില്‍ ഗ്രൂപ്പ് ഘട്ടം കടന്ന നെതര്‍ലാന്‍ഡ്‌സിനെ സംബന്ധിച്ച് മൊറോക്കോ മികച്ച എതിരാളികള്‍ തന്നെയാണ്. കാനറികള്‍ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ. ക്യാപ്റ്റന്‍ ഏഷ്‌റഫ് ഹക്കീമിയും ഇസ്മയില്‍ സയ്ബാരിയും മിന്നുന്ന ഫോമിലാണ്.
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത പോര്‍ച്ചുഗലിന് എതിരാളികള്‍ ക്രൊയേഷ്യയാണ്. നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉറ്റുനോക്കുന്ന ഒരു മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കൊളംബിയയോട് സമനില വഴങ്ങിയതിന് പിന്നാലെയാണ് പോര്‍ച്ചുഗലിന് എതിരാളികളായി ക്രൊയേഷ്യയെ കിട്ടിയത്.
ഇംഗ്ലണ്ടും ഘാനയും അടങ്ങുന്ന മരണ ഗ്രൂപ്പില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയാണ് ക്രൊയേഷ്യ എത്തുന്നത്. പ്രായം തളര്‍ത്തിയെങ്കിലും മധ്യനിരയില്‍ ഇപ്പോഴും വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ലൂക്ക മോഡ്രിച് തന്നെയാണ് ക്രൊയേഷ്യയുടെ ആയുധം. കൂടാതെ ഗോള്‍ കീപ്പര്‍ ലിവാക്കോവിച്ചിന്റെയും ക്രമാറിചിന്റെയും പെരിസിചിന്റെയും പ്രകടനവും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
റൗണ്ട് ഓഫ് 32 പോരാട്ടങ്ങള്‍, ഇന്ത്യന്‍ സമയം
ദക്ഷിണാഫ്രിക്ക-കാനഡ: ജൂണ്‍ 28, രാത്രി 12.30
ബ്രസീല്‍-ജപ്പാന്‍: ജൂണ്‍ 29, രാത്രി 10.30
ജര്‍മനി-പരാഗ്വെ: ജൂണ്‍ 30, പുലര്‍ച്ചെ 2.00
നെതര്‍ലന്‍ഡ്സ്-മൊറോക്കോ: ജൂണ്‍ 30, രാവിലെ 6.30
ഐവറി കോസ്റ്റ്-നോര്‍വെ: ജൂണ്‍ 30, രാത്രി 10.30
ഫ്രാന്‍സ്-സ്വീഡന്‍: ജൂലൈ 1, പുലര്‍ച്ചെ 2.30
മെക്സിക്കോ-ഇക്വഡോര്‍: ജൂലൈ 1, രാവിലെ 6.30
ഇംഗ്ലണ്ട്-കോംഗോ: ജൂലൈ 1, രാത്രി 9.30
ബെല്‍ജിയം-സെനഗല്‍: ജൂലൈ 2, പുലര്‍ച്ചെ 1.30
യുഎസ്എ-ബോസ്നിയ ഹെര്‍സഗോവിന: ജൂലൈ 2, പുലര്‍ച്ചെ 5.30
സ്പെയിന്‍-ഓസ്ട്രിയ: ജൂലൈ 2, രാത്രി 12.30
പോര്‍ച്ചുഗല്‍-ക്രൊയേഷ്യ: ജൂലൈ 3, പുലര്‍ച്ചെ 4.30
സ്വിറ്റ്സര്‍ലന്‍ഡ്-അള്‍ജീരിയ: ജൂലൈ 3, രാവിലെ 8.30
ഓസ്ട്രേലിയ-ഈജിപ്ത്: ജൂലൈ 3, രാത്രി 11.30
അര്‍ജന്റീന-കാബോ വെര്‍ദെ: ജൂലൈ 4, പലര്‍ച്ചെ 3.30
കൊളംബിയ-ഘാന: ജൂലൈ 4, രാവിലെ 7.00
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.