കൊച്ചി: ജെസ്‌ന മരിയയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതോടെ കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം പുതിയ വഴിയിലേക്ക് നീങ്ങുകയാണ്.
കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ്, ജെസ്‌നയെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ. തിരുവനന്തപുരം മേധാവി നന്ദകുമാര്‍ നായര്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ജെസ്‌നയുടെ തിരോധാനത്തിനു പിന്നില്‍ തട്ടിക്കൊണ്ടുപോകാലാമെന്നാണ് വ്യക്‌തമാക്കിയിരിക്കുന്നത്.
2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ജെസ്‌നയുടെ സഹോദരൻ ജെയ്സ് ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. തുടർന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തു.
ജെസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്‌ഐആറിലുള്ളത്. കെ.ജി. സൈമണ്‍ പത്തനംതിട്ട എസ്പിയായിരുന്ന കാലത്ത് മൂവായിരത്തിലധികം ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.