തുർക്കിയിൽ ചരിത്രപരമായ കണ്ടെത്തൽ; 1300 വർഷം പഴക്കമുള്ള അപ്പത്തിൽ യേശു ക്രിസ്തുവിന്റെ ചിത്രം

തുർക്കിയിൽ ചരിത്രപരമായ കണ്ടെത്തൽ; 1300 വർഷം പഴക്കമുള്ള അപ്പത്തിൽ യേശു ക്രിസ്തുവിന്റെ ചിത്രം

അങ്കാറ: തുർക്കിയിലെ കരാമൻ പ്രവിശ്യയിലുള്ള പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ നിന്ന് 1300 വർഷം പഴക്കമുള്ള അഞ്ച് കാർബണൈസ്ഡ് അപ്പങ്ങൾ കണ്ടെത്തി. ബൈസന്റൈൻ കാലഘട്ടത്തിൽ പെട്ടവയാണെന്ന് കരുതപ്പെടുന്ന ഈ അപ്പങ്ങൾ വിശുദ്ധ കുർബാനക്കായി ഉപയോഗിച്ചിരുന്ന തിരുവോസ്തി ആയിരിക്കാമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.

കണ്ടെത്തിയ അഞ്ചെണ്ണത്തിൽ ഒരു അപ്പത്തിൽ യേശു ക്രിസ്തുവിനെ വിത്തുവിതയ്ക്കുന്ന കർഷകന്റെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. പരമ്പരാഗത രൂപത്തിൽ നിന്നും വ്യത്യസ്തമായി കൃഷിയെയും ഫലസമൃദ്ധിയെയും പ്രതിനിധീകരിക്കുന്ന ചിത്രമാണിത്. ചിത്രത്തിനൊപ്പം "അനുഗ്രഹീതനായ യേശുവിന് ഞങ്ങളുടെ നന്ദി" എന്ന് ഗ്രീക്ക് ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് നാല് അപ്പങ്ങളിൽ കുരിശിന്റെ മുദ്രകളും പതിപ്പിച്ചിട്ടുണ്ട്.

ഒരു തീപിടുത്തത്തെത്തുടർന്ന് അപ്പങ്ങൾ കാർബണൈസ് ചെയ്യപ്പെടുകയും പിന്നീട് ഓക്സിജൻ കുറവുള്ള അന്തരീക്ഷത്തിൽ മണ്ണിനടിയിൽ കിടന്നതുമാണ് നൂറ്റാണ്ടുകൾക്ക് ശേഷവും ഇവ കേടുപാടുകൾ കൂടാതെ ഇരിക്കാൻ കാരണം. ബാർലി ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്ന് ഗവേഷണത്തിൽ തെളിഞ്ഞു.

ആദ്യകാല ക്രൈസ്തവ സമൂഹങ്ങളുടെ ആരാധനാ രീതികളെയും വിശ്വാസജീവിതത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ഇത് സംബന്ധിച്ച കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.