ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാൾ ഭക്തിനിർഭരമായി സമാപിച്ചു

ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാൾ ഭക്തിനിർഭരമായി സമാപിച്ചു

*ഷാർജ:* ഭാരതത്തിന്റെ അപ്പോസ്തലനും സിറോ മലബാർ സഭയുടെ പിതാവുമായ വിശുദ്ധ മാർത്തോമാശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്‌റാന തിരുനാൾ ആഘോഷങ്ങൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ഭക്തിനിർഭരമായി സമാപിച്ചു. ജൂൺ 24-ന് ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി OFM Cap നിർവഹിച്ച കൊടിയേറ്റത്തോടെയായിരുന്നു ഒമ്പത് ദിവസത്തെ നൊവേനയ്ക്കും പ്രത്യേക പ്രാർത്ഥനകൾക്കും തുടക്കമായത്.

കൊടിയേറ്റത്തിനുശേഷം പ്രസുദേന്തി വാഴ്ച, പ്രത്യേക നൊവേന, നേർച്ച വിതരണം എന്നിവ നടന്നു. ഫാ. ജോൺ ജോസഫ് എടാട്ടും ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പയും വിവിധ ദിവസങ്ങളിലെ നൊവേനയ്ക്ക് കാർമികരായി. പത്ത് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത് വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസസാക്ഷ്യവും സുവിശേഷദൗത്യവും അനുസ്മരിച്ചു.

തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ജൂലൈ 3-ന് വെള്ളിയാഴ്ച വൈകുന്നേരം നടന്നു. സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം MST മുഖ്യകാർമികനായി വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും നേതൃത്വം നൽകി. ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി OFM Cap സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ. ജോൺ ജോസഫ് എടാട്ടും ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പയും സഹകാർമികരായിരുന്നു.

ദേവാലയ കവാടത്തിൽ ഇടവക വികാരിയുടെയും ബഹുമാനപ്പെട്ട വൈദികരുടെയും നേതൃത്വത്തിൽ മലയാളം പാരിഷ് കമ്മിറ്റി സെക്രട്ടറി ഹെൻറിറ്റ ഡാമി, എസ്.എം.സി. കോ-ഓർഡിനേറ്റർ ബിജു ജോസഫ്, ലാറ്റിൻ കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ ഷാജൻ, മലങ്കര കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ സാം, മലയാളം പാരിഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിബി, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു എന്നിവർ ചേർന്ന് അഭിവന്ദ്യ മെത്രാന് സ്വീകരണം നൽകി.

തുടർന്ന് നടന്ന വർണശബളമായ ഘോഷയാത്രയിൽ അൾത്താര ശുശ്രൂഷകർ, ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ, വിശുദ്ധ തോമാശ്ലീഹായുടെ വേഷമണിഞ്ഞ കുട്ടികൾ, സീറോ മലബാർ യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, മലയാളം പാരിഷ് കമ്മിറ്റി അംഗങ്ങൾ, സിറോ മലബാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസുദേന്തിമാർ, വൈദികർ, സന്യസ്തർ, അഭിവന്ദ്യ മെത്രാൻ എന്നിവർ അണിനിരന്നു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, അനുഗ്രഹാശീർവാദം എന്നിവ നടന്നു.

ആത്മീയോത്സാഹത്തോടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തോടെയും നടന്ന തിരുനാൾ ആഘോഷങ്ങളിൽ നാലായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമങ്ങൾക്കുശേഷം വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

സിറോ മലബാർ സഭാംഗങ്ങളുടെയും മലയാളി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു. തിരുനാൾ ക്രമീകരണങ്ങൾക്ക് കൺവീനർ ബെൻസൺ വർക്കിയുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ ബിജു ജോസഫ്, സിറിയക് ജോസഫ്, സിമി ഡെന്നിസ്, മഞ്ജു തോംസൺ, നിജോ തോമസ്, സെബാസ്റ്റ്യൻ സ്‌കറിയ, സൗമ്യ അനൂപ് എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.