ജറുസലേം: കാലാവസ്ഥാ വ്യതിയാനവും കടുത്ത വരൾച്ചയും മൂലം ചരിത്രപ്രസിദ്ധമായ ഗലീലി കടൽ (സീ ഓഫ് ഗലീലി) വറ്റിവരളുന്നത് തടയാൻ അതിനൂതന പദ്ധതിയുമായി ഇസ്രയേൽ. കടൽ വെള്ളത്തിലെ ലവണാംശം നീക്കം ചെയ്ത് ശുദ്ധജലമാക്കി തടാകത്തിലേക്ക് പമ്പ് ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പദ്ധതിയാണിത്. 269 മില്യൺ ഡോളർ ചിലവഴിച്ചാണ് ഈ സാങ്കേതിക വിദ്യ യാഥാർത്ഥ്യമാക്കിയത്.
മെഡിറ്ററേനിയൻ തീരത്തുള്ള അഷ്ദോദ്, ഹദേര തുടങ്ങിയ നഗരങ്ങളിലെ അത്യാധുനിക പ്ലാന്റുകളിൽ വെച്ചാണ് കടൽ വെള്ളം ശുദ്ധീകരിക്കുന്നത്. ശുദ്ധീകരിച്ച വെള്ളം 100 മുതൽ 150 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ പൈപ്പ്‌ലൈനുകളിലൂടെയാണ് തടാകത്തിലേക്ക് എത്തിക്കുന്നത്.
തടാകത്തിലേക്ക് നേരിട്ട് ഒഴുക്കുന്നതിന് പകരം സാൽമോൺ അരുവി വഴിയാണ് ഈ വെള്ളം കടത്തിവിടുന്നത്. ഇത് മുൻപ് വറ്റിവരണ്ടുപോയ ആ അരുവിക്ക് പ്രകൃതിദത്തമായ പുനർജന്മം നൽകുകയും ചെയ്തു. തടാകത്തിലെ ജൈവവ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കകൾക്ക് മറുപടിയായി സ്വാഭാവിക ജലത്തേക്കാൾ ഗുണമേന്മയുള്ള വെള്ളമാണ് പമ്പ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ നൂറു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് ഗലീലി കടലിലെ ജലനിരപ്പ് അപകടകരമായ 'റെഡ് ലൈൻ' വരെ എത്തിയിരുന്നു. ഇതോടെയാണ് അടിയന്തരമായി ഈ പദ്ധതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. ഇസ്രയേലിന്റെ 2075 വരെയുള്ള ജലസുരക്ഷാ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി.
യേശു ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ലോകശ്രദ്ധ നേടിയ ഈ തടാകത്തെ വരും തലമുറകൾക്കായി സംരക്ഷിക്കാൻ ശാസ്ത്രവും എൻജിനീയറിങ്ങും കൈകോർക്കുന്ന ഈ നീക്കം ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.