ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായി, ഈ മാസം 20 ന് മുന്‍പ് തന്നെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി ഇടിഞ്ഞതും ഏഷ്യന്‍ വിപണികള്‍ക്കായി സൗദി അറേബ്യ വലിയ തോതില്‍ വില കുറച്ചതുമാണ് രാജ്യത്ത് ഇന്ധന വില കുറയ്ക്കാനുള്ള വഴി തുറക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നപ്പോഴാണ് രാജ്യത്തും ഇന്ധന വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. അന്ന് ലിറ്ററിന് എട്ട് രൂപയോളമാണ് വിപണിയില്‍ വര്‍ധിച്ചത്.
ഒരു ഘട്ടത്തില്‍ ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ നിരക്ക് പിന്നീട് 110 ഡോളറിലേക്കും, നിലവില്‍ ഏകദേശം 70 ഡോളറിലേക്കും താഴ്ന്നിട്ടുണ്ട്. ഇതിനുപുറമെ ആഗോള ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാക്കാനുള്ള പ്രത്യേക കരാറുകളും നിലവില്‍ ഇന്ത്യക്കുണ്ട്. ഈ സാഹചര്യത്തില്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആവശ്യം ശക്തമാണ്. ഏഷ്യന്‍ വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 11 ഡോളറിന്റെ ചരിത്രപരമായ കുറവാണ് പ്രമുഖ എണ്ണ ഉല്‍പാദകരായ സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ആഗോളതലത്തില്‍ വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ ഉയര്‍ന്ന നിരക്കിലുള്ള വില്‍പന തുടര്‍ന്നത് എണ്ണ കമ്പനികളുടെ സാമ്പത്തിക ബാധ്യത വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിച്ചു. കമ്പനികളുടെ ആകെ നഷ്ടം 75,000 കോടി രൂപയില്‍ നിന്ന് 50,000 കോടി രൂപയായി ചുരുങ്ങിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ഈ അനുകൂല സാഹചര്യം പത്ത് ദിവസമെങ്കിലും തുടരുകയാണെങ്കില്‍ മുന്‍കാല നഷ്ടങ്ങള്‍ പൂര്‍ണമായി നികത്താനാകുമെന്നും അതിന് തൊട്ടുപിന്നാലെ വിലക്കുറവ് പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
സാമ്പത്തിക ഘടകങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന രാഷ്ട്രീയ കാരണമാണ്. ഇന്ധന വില വര്‍ധനവിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ആയുധത്തിന്റെ മൂര്‍ച്ച കുറയ്ക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായി സമ്മേളനത്തിന് തൊട്ടുമുന്‍പ് തന്നെ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസമാകുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.