മ്യാൻമർ: കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര യുദ്ധവും മൂലം ജനജീവിതം ദുസ്സഹമായ മ്യാൻമറിൽ ദൈവത്തിന്റെ കരുതലിന്റെ അടയാളമായി വിശുദ്ധ റെമീജിയസിന്റെ നാമധേയത്തിലുള്ള പുതിയ ദേവാലയം കൂദാശ ചെയ്യപ്പെട്ടു. മ്യാൻമറിന്റെ മധ്യ-പടിഞ്ഞാറൻ മേഖലയിലുള്ള പത്തെയ്ൻ രൂപതയിലെ തൗംഗ്യാഗോൺ ഗ്രാമത്തിലാണ് വിശ്വാസികൾക്ക് ആത്മീയ കരുത്തേകാൻ പുതിയ ദേവാലയം ഉയർന്നു വന്നത്.
സുരക്ഷാ ഭീഷണികൾക്കിടയിലും ദൈവാലയം സമർപ്പിക്കാൻ സാധിച്ചത് പരിശുദ്ധാത്മാവിന്റെ വലിയൊരു ദാനമാണെന്ന് പത്തെയ്ൻ രൂപതാ ബിഷപ്പ് ഹെൻറി ഐഖ്ലെയ്ൻ അഭിപ്രായപ്പെട്ടു. പ്രതിസന്ധികൾക്കിടയിലും ദൈവത്തിന്റെ ഇടപെടലുകൾ തുടരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ദൈവാലയമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ആത്മീയ വളർച്ചയ്‌ക്കൊപ്പം യുദ്ധം തകർത്ത യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ സഭ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. യാങ്കൂൺ ഉൾപ്പെടെയുള്ള വിവിധ രൂപതകളിൽ ‘സർവൈറ്റ് വൈദികരുടെ’ നേതൃത്വത്തിൽ സന്യാസിനികളും അധ്യാപകരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തുന്ന വിദ്യാഭ്യാസ പദ്ധതികൾ ജനജീവിതത്തിന് വലിയ ആശ്വാസമാണ് പകരുന്നത്. യുവാക്കളെയും കുടുംബങ്ങളെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പാതയിലേക്ക് നയിക്കുകയാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യം.
2021-ലെ സൈനിക അട്ടിമറിയെത്തുടർന്നുണ്ടായ ആഭ്യന്തര യുദ്ധം മ്യാൻമറിലെ ജന ജീവിതത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളെ ബാധിച്ച ഈ പ്രതിസന്ധിക്കിടയിലും ഭയത്തിന് കീഴടങ്ങാതെ സഭയുടെ പൗരോഹിത്യ-സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു. മ്യാൻമറിലെ കത്തോലിക്കാ സമൂഹം കാത്തുസൂക്ഷിക്കുന്ന ദൃഢമായ വിശ്വാസത്തിന്റെ നേർസാക്ഷ്യമാണ് പ്രതികൂല സാഹചര്യങ്ങളിലും നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.