അറ്റ്‌ലാന്റ: സ്റ്റേഡിയത്തെയാതെ പ്രകമ്പനം കൊള്ളിച്ച് ലയണല്‍ മെസിയും സംഘവും ഒരിക്കല്‍ക്കൂടി ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ നെഞ്ച് തകര്‍ത്ത് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് നിലവിലെ ലോക ചാമ്പ്യന്മാര്‍ വീണ്ടുമൊരു ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇംഗ്ലീഷുകാര്‍ ദൈവത്തിന്റെ കൈ മാത്രമല്ല, മെസിയുടെ ആ സുവര്‍ണ ഇടത് വിരലുകളും കണ്ടുവെന്ന സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്നതായിരുന്നു കളിക്കളത്തിലെ കാഴ്ചകള്‍. തോല്‍വിയുടെ വക്കില്‍ നിന്ന് ടീമിനെ കൈപിടിച്ചുയര്‍ത്തിയ മെസിയുടെ രണ്ട് അസിസ്റ്റുകളാണ് മത്സരത്തിന്റെ വിധി മാറ്റിയെഴുതിയത്. ഇനി കലാശപ്പോരില്‍ യുവരക്തങ്ങളായ ലമീന്‍ യമാലും സംഘവും നയിക്കുന്ന സ്‌പെയിനാണ് മുപ്പത്തിയൊമ്പതുകാരനായ മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
ആദ്യ ഇലവന്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇരു പരിശീലകരുടെയും തന്ത്രങ്ങള്‍ വ്യക്തമായിരുന്നു. മധ്യനിരയിലെ എന്‍ജിനായ റോഡ്രിഗോ ഡി പോളിനെ പുറത്തിരുത്തി ജൂലിയാനോ സിമിയോണിയെ വലത് വിങ്ങില്‍ വിന്യസിച്ചാണ് ലയണല്‍ സ്‌കലോണി ടീമിനെ ഇറക്കിയത്. മറുഭാഗത്ത് തോമസ് ടുഷേല്‍ പ്രതിരോധം ശക്തമാക്കാന്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ ഒരുക്കിയത്. എന്നാല്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളുടെയും തന്ത്രങ്ങള്‍ മൈതാനത്ത് ഫലം കണ്ടില്ല.
കളി പരുക്കന്‍ ശൈലിയിലേക്ക് മാറിയതോടെ തുടര്‍ച്ചയായ ഫൗളുകള്‍ കാരണം മത്സരം പലപ്പോഴും തടസപ്പെട്ടു. ഇരുപക്ഷത്തും കാര്യമായ മുന്നേറ്റങ്ങളോ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളോ ആദ്യ 30 മിനിറ്റില്‍ ഉണ്ടായില്ല. മെസിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആന്‍ഡേഴ്‌സണും, കൗണ്ടര്‍ അറ്റാക്ക് തടഞ്ഞതിന് അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസിനും ആദ്യ പകുതിയില്‍ യെല്ലോക്കാര്‍ഡ് ലഭിച്ചു. ലെഫ്റ്റ് വിങ്ങറുടെ അഭാവവും ഡി പോളിന്റെ കുറവും അര്‍ജന്റീനയെ ബുദ്ധിമുട്ടിച്ചപ്പോള്‍, വിങ്ങുകളിലൂടെയുള്ള ഇംഗ്ലണ്ടിന്റെ നീക്കങ്ങളും ഫൈനല്‍ തേര്‍ഡില്‍ പരാജയപ്പെടുകയായിരുന്നു.
രണ്ടാം പകുതിയില്‍ കളി കൂടുതല്‍ ആവേശഭരിതമായി. 47-ാം മിനിറ്റില്‍ ഹൂലിയന്‍ അല്‍വാരസിന്റെ ഒരു ശ്രമം ഇംഗ്ലീഷ് കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തടഞ്ഞിട്ടെങ്കിലും, അധികം വൈകാതെ ഇംഗ്ലണ്ട് മത്സരത്തില്‍ ലീഡ് എടുത്തു. 55-ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്‌സിന്റെ അളന്നുമുറിച്ച ക്രോസില്‍ നിന്നും ആന്റണി ഗോര്‍ഡന്‍ അര്‍ജന്റീനയുടെ വലകുലുക്കി. ഈ ഗോള്‍ വഴങ്ങിയതോടെയാണ് അര്‍ജന്റീനയുടെ യഥാര്‍ത്ഥ പോരാട്ട വീര്യം ഉണര്‍ന്നത്. സ്‌കലോണി നടത്തിയ തന്ത്രപരമായ മാറ്റങ്ങള്‍ കളിയിലെ വഴിത്തിരിവായി മാറി.
നിക്കോ ഗോണ്‍സാലസ്, റോഡ്രിഗോ ഡി പോള്‍, ലൗട്ടാരോ മാര്‍ട്ടിനസ്, ഗോണ്‍സാലോ മൊണ്ടിയേല്‍ എന്നിവര്‍ പകരക്കാരായി എത്തിയതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് അസാധ്യമായ മൂര്‍ച്ച കൈവന്നു. മെസിക്ക് മൈതാനത്ത് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ ഇംഗ്ലീഷ് പ്രതിരോധക്കോട്ടയുടെ നിയന്ത്രണം നഷ്ടമായിത്തുടങ്ങി. ഇംഗ്ലണ്ട് പരിശീലകന്‍ പ്രതിരോധം ഊന്നി കളി ജയിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ജന്റീനയുടെ സുനാമി പോലുള്ള ആക്രമണങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിന്റെ ചില അവിശ്വസനീയമായ സേവുകളാണ് ഇംഗ്ലണ്ടിന്റെ ആയുസ് നീട്ടിയത്. 69-ാം മിനിറ്റില്‍ മെസിയുടെ ക്രോസില്‍ നിന്നുള്ള നിക്കോ ഗോണ്‍സാലസിന്റെ ഹെഡറും, പിന്നീട് മാക് അലിസ്റ്ററുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയതുമെല്ലാം ഇംഗ്ലണ്ടിന് താല്കാലിക ആശ്വാസം നല്‍കി. എന്നാല്‍ കളിയുടെ 85-ാം മിനിറ്റില്‍ സ്റ്റേഡിത്തെ നിശബ്ദമാക്കിക്കൊണ്ട് അര്‍ജന്റീന സമനില പിടിച്ചു. മെസി ബോക്‌സിന് പുറത്തുവെച്ച് നല്‍കിയ പാസ് സ്വീകരിച്ച് എന്‍സോ ഫെര്‍ണാണ്ടസ് തൊടുത്തുവിട്ട മനോഹരമായ ലോങ് റേഞ്ചര്‍ ഇംഗ്ലീഷ് വല തുളച്ചു കയറുകയായിരുന്നു.
സമനിലയായതോടെ അര്‍ജന്റീന കൂടുതല്‍ അപകടകാരികളായി മാറി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ആ അവിശ്വസനീയ നിമിഷം പിറന്നു. വലത് വിങ്ങില്‍ നിന്നും ലയണല്‍ മെസി നല്‍കിയ അതിമനോഹരമായ ക്രോസിന് കൃത്യമായി തലവെച്ചുകൊണ്ട് പകരക്കാരനായി വന്ന ലൗട്ടാരോ മാര്‍ട്ടിനസ് വിജയഗോള്‍ നേടി. ഇതോടെ ഇംഗ്ലീഷ് താരങ്ങളെയും ആരാധകരെയും ഒരേപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മെസിപ്പട വീണ്ടുമൊരു ചരിത്ര വിജയത്തോടെ ഫൈനല്‍ പോരാട്ടത്തിലേക്ക് മാര്‍ച്ച് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.