സെര്‍ബിയയില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ അതിക്രമവും നഗ്‌നതാ പ്രദര്‍ശനവും; യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു, അപമാനിക്കാന്‍ ശ്രമം

സെര്‍ബിയയില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ അതിക്രമവും നഗ്‌നതാ പ്രദര്‍ശനവും; യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു, അപമാനിക്കാന്‍ ശ്രമം

ബെല്‍ഗ്രേഡ്: അവധിക്കാലം ആഘോഷിക്കാന്‍ സെര്‍ബിയയിലെത്തിയ മലയാളി ദമ്പതികള്‍ക്ക് നേരെ തെരുവില്‍ വെച്ച് അപരിചിതരായ യുവാക്കളുടെ അതിക്രമം. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് രാജ്യ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ വെച്ച് ദുരനുഭവമുണ്ടായത്. ബെല്‍ഗ്രേഡ് നഗരത്തിലൂടെ നടന്ന് ട്രാവല്‍ വ്‌ളോഗ് ചിത്രീകരിക്കുന്നതിനിടെ ജൂലൈ 17 ന് വൈകുന്നേരത്തോടെയാണ് സംഭവം.

യാത്ര ചിത്രീകരിച്ച് മുന്നോട്ട് പോകുകയായിരുന്ന ദമ്പതികളെ മൂന്നംഗ യുവാക്കളുടെ സംഘം പിന്തുടരുകയായിരുന്നു. ഇതിനിടെ സംഘത്തിലൊരാള്‍ യുവതിയുടെ ബാഗില്‍ പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. ആദ്യം ഇതത്ര കാര്യമാക്കാതിരുന്ന ദമ്പതികള്‍, വീണ്ടും ബാഗില്‍ തൊടാന്‍ ശ്രമിച്ചതോടെ അത് മുന്‍പിലേക്ക് മാറ്റിയിട്ടു. എന്നാല്‍ ഇതിന് പിന്നാലെ അക്രമി യുവതിയുടെ വസ്ത്രത്തില്‍ ബലമായി പിടിച്ച് വലിക്കുകയായിരുന്നു.

ഇതോടെ ദമ്പതികള്‍ ശക്തമായി പ്രതിഷേധിക്കുകയും അപരിചിതരോട് കയര്‍ക്കുകയും ചെയ്തു. സ്ത്രീകളോട് മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതോടെ, ഒപ്പമുണ്ടായിരുന്നയാള്‍ ആക്രമണം നടത്തിയ ആള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ആംഗ്യത്തിലൂടെ കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ന്യായീകരണം തള്ളിക്കളഞ്ഞ ദമ്പതികള്‍ തങ്ങള്‍ വിദേശികളാണെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമായി പറഞ്ഞു.

സംഭവം ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായതോടെ അക്രമികള്‍ അസഭ്യവര്‍ഷം നടത്തുകയും ലൈംഗികച്ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘത്തിലൊരാള്‍ പൊതുസ്ഥലത്ത് വച്ച് പാന്റ്‌സ് താഴ്ത്തി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം മൂവരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ച ആയിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷധ്യമെന്നാണ് കരുതുന്നത്.

സംഭവത്തില്‍ ദമ്പതികള്‍ പ്രാദേശിക പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ടൂര്‍ ഗൈഡിനെ വിവരങ്ങള്‍ അറിയിച്ചു. കോവിഡ് കാലഘട്ടത്തിന് മുന്‍പ് സമാനമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രശ്‌നക്കാരാണ് ഈ സംഘമെന്നാണ് ടൂര്‍ ഗൈഡ് നല്‍കുന്ന വിവരം. സംഭവത്തില്‍ ബന്ധപ്പെട്ട പ്രാദേശിക അധികാരികളെ വിവരം അറിയിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടൂര്‍ ഗൈഡ് ദമ്പതികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ സഞ്ചാരികളായ മലയാളികള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ഇത്തരം അതിക്രമങ്ങളില്‍ വ്‌ളോഗിങ് സമൂഹവും പ്രവാസി സംഘടനകളും ആശങ്ക രേഖപ്പെടുത്തി. വ്‌ളോഗ് ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളതിനാല്‍, വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി അക്രമികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉറപ്പാക്കാനാണ് ദമ്പതികളുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.