കൊച്ചി: കടലില്‍ മത്സ്യ ബന്ധനത്തിനിറങ്ങുന്ന യാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആക്‌സസ് പാസ് ഏര്‍പ്പെടുത്തിയ നടപടിയില്‍ വന്‍ ആശയക്കുഴപ്പം. പുതിയ മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം നടപ്പിലാക്കിയ ഈ സംവിധാനത്തെക്കുറിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പോ മത്സ്യത്തൊഴിലാളി സംഘടനകളോ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം തോപ്പുംപടിയില്‍ ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ബോട്ടുകള്‍ക്ക് ആക്‌സസ് പാസുകള്‍ വിതരണം ചെയ്ത് തുടങ്ങിയത്.
കടലില്‍ ഇറങ്ങുന്ന ബോട്ടുകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കണക്കുകളും വിവരങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യമായി ഈ ആക്‌സസ് പാസുകള്‍ നല്‍കുന്നത്. ലളിതമായ നടപടി ക്രമങ്ങളിലൂടെയാണ് പാസ് നല്‍കുന്നതെങ്കിലും ആഴക്കടലില്‍ നിശ്ചിത പരിധിക്കപ്പുറത്തേക്ക് പോകുന്ന യാനങ്ങള്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയിട്ടും ഉണ്ട്. നിലവില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഭാഗത്ത് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും യൂസര്‍ ഫീസ് ഈടാക്കുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരാണ്. 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തേക്ക് കേന്ദ്രത്തിനാണ് അധികാരമെങ്കിലും പുതിയ നിയമത്തിലൂടെ മേഖലയില്‍ കൂടുതല്‍ കേന്ദ്ര നിയന്ത്രണം വരുത്താനാണ് ശ്രമമെന്ന ആരോപണം ശക്തമാണ്.
നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുമായോ മത്സ്യത്തൊഴിലാളി യൂണിയനുകളുമായോ യാതൊരുവിധ ചര്‍ച്ചകളും കേന്ദ്രം നടത്തിയിട്ടില്ലെന്ന് പ്രതിനിധികള്‍ പരാതിപ്പെടുന്നു. കേന്ദ്രത്തിന്റെ ഈ നീക്കം സംസ്ഥാനങ്ങളുടെ ഭരണഘടനാ പരമായ അധികാരങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് കുറ്റപ്പെടുത്തി.
വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും അനാവശ്യ ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും ബോട്ടുടമകളും സംഘടനകളും ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.