നാൽപ്പതാം വെള്ളി ആചരണം; മാർ തോമസ് തറയിൽ വചന സന്ദേശം നൽകുന്നു

നാൽപ്പതാം വെള്ളി ആചരണം;  മാർ തോമസ് തറയിൽ വചന സന്ദേശം നൽകുന്നു

ചങ്ങനാശ്ശേരി :   നോയമ്പ് കാലത്ത്   മാർത്തോമാ ക്രിസ്ത്യാനികൾ ആചരിച്ചിരുന്ന നാൽപ്പതാം വെള്ളിയാഴ്‌ച ചങ്ങനാശ്ശേരി  പ്രവാസി  അപ്പസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 26 ന്  വൈകുന്നേരം  ഓൺലൈൻ വചന ധ്യാനം നടത്തുന്നു. അതിരൂപത സഹായ മെത്രാൻ  മാർ തോമസ് തറയിലാണ്  വചന  ധ്യാനത്തിന്  നേതൃത്വം നൽകുന്നത്.
 
നാല്പതാം വെള്ളി ആചരണം കേരളസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു ആചരണമാണ്.    പാശ്ചാത്യ – പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പത് ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണ്. അതിനാല്‍ വിഭൂതി തിങ്കളാഴ്ച്ച മുതല്‍ 40 നാള്‍ എന്ന് കണക്കു കൂട്ടിയെടുക്കുന്ന ദിനമാണ് നാല്പതാം വെള്ളി എന്നറിയപ്പെടുന്നത് . സഭയിലെ  ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് കഷ്ടാനുഭവ ആഴ്ച്ച വേറെ നോമ്പും.   നാല്പതാചരണവും അതിന്‍റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു. പിന്നീട്   അമ്പത് ദിവസം  നോയമ്പ്  ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്കു ഏകീകരിക്കപ്പെട്ടപ്പോഴും  നാല്പതാം വെള്ളിയും  അതിന്റെ പ്രസക്തിയും  നഷ്ടമായിരുന്നില്ല .

നസ്രാണി പാരമ്പര്യത്തില്‍  നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ് – കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിന് കൊഴുക്കട്ട കൊടുത്ത് സല്‍ക്കരിക്കുകയും ചെയ്ത ദിനം ) ഓശാന ഞായറും. അങ്ങനെ ഈശോയുടെ നാല്പതു നോമ്പിനെ അനുസ്മരിച്ച് നോമ്പുനോറ്റ ശേഷം കഷ്ടാനുഭവ ആഴ്ച്ചയില്‍ നോമ്പിന്‍റെ അടുത്ത തലത്തിലേയ്ക്കു വിശ്വാസികള്‍ കടക്കുകയും ചെയ്യുന്നു.  

പ്രവാസി അപ്പോസ്റ്റലേറ്റ്  വചന ധ്യാന ദിനമായി ആചരിക്കുന്ന  നാല്പതാം വെള്ളിയാഴ്ച  ഈശോയുടെ പീഡാനുഭവ സ്‌മരണകൾ ഉണർത്തുന്ന കുരിശിന്റെ വഴി  പ്രാർത്ഥനയും  നടത്തപ്പെടുന്നു. ഓൺലൈനിലൂടെ നടത്തുന്ന  ഈ  പ്രാർത്ഥനാദിനം  മാർച്ച് 26  വെള്ളിയാഴ്ച   വൈകുന്നേരം  6 :30 (ഇന്ത്യൻ സമയം)   ആരംഭിക്കും . പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം , അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങൾ. ഗൾഫ് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ  നേതൃത്വം നൽകി വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.