കോഴിക്കോട്: പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
കഥകളിക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അരങ്ങിൽ കുചേലനായും കീചകനായുമൊക്കെ വേഷപ്പകർന്നാട്ടം നടത്തിയ കുഞ്ഞിരാമൻ നായരുടെ കൃഷ്ണവേഷം കഥകളി ആസ്വാദകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.
മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26ന് ജനിച്ച് 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ “വള്ളിത്തിരുമണം” നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു.
ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസ് മുതൽ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം. കലാമണ്ഡല പുരസ്‌കാരം, ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.
കഥകളി കൂടാതെ നൃത്തത്തിലും കേരള നടനത്തിലും അസാമാന്യ പ്രതിഭയായിരുന്നു ഗുരു ചേമഞ്ചേരി. തിരുവനന്തപുരം ദൂരദര്‍ശനില്‍ നൃത്തവിഭാഗം ഒഡിഷന്‍ കമ്മിറ്റി അംഗമായിരുന്നു. ആദ്യം നൃത്ത പഠനത്തില്‍ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ.
ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. ശിഷ്യ പരമ്പരകളിലൂടെ പേര് ഗുരു എന്നായി അറിയപ്പെട്ടു. ഗുരുവിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. 1979 -ൽ നൃത്തത്തിന് അവാർഡും 1990 -ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന് അവാർഡ് നൽകി. 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു. സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്‌ന പുരസ്‌കാരം. 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.