‘റെയിൻബോ ജോൺസൺ’ ഓർമയായി; യുഎഇയുടെ ഹോസ്പിറ്റാലിറ്റി രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച സംരംഭകൻ

‘റെയിൻബോ ജോൺസൺ’ ഓർമയായി; യുഎഇയുടെ ഹോസ്പിറ്റാലിറ്റി രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച സംരംഭകൻ

ദുബായ് : യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിങ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകനും ‘റെയിൻബോ ജോൺസൺ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു. എറണാകുളത്തായിരുന്നു അന്ത്യം. യുഎഇയിലെ പ്രമുഖ റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം.

1972ൽ മുംബൈയിലെ ഹോട്ടൽ ഷെറാട്ടണിൽ ജോലിയിൽ പ്രവേശിച്ചാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. തുടർന്ന് 1975ൽ ദുബായിലെത്തിയ അദേഹം വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സ്വന്തം സംരംഭങ്ങളിലേക്ക് കടന്നത്.

കഠിനാധ്വാനത്തിലൂടെ റെയിൻബോ കാറ്ററിങ് ആൻഡ് സ്റ്റേക്ക് ഹൗസ് യുഎഇയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വളർത്തി വലുതാക്കാൻ അദേഹത്തിന് കഴിഞ്ഞു.

ബിസിനസ് രംഗത്തിനൊപ്പം യുഎഇയിലെ ഇന്ത്യൻ സാമൂഹിക-സാംസ്കാരിക രംഗത്തും അദേഹം സജീവ സാന്നിധ്യമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ ക്ലബ് ദുബായ് തുടങ്ങിയ സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

2025 ൽ യുഎഇയിലെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ജലീൽ കാഷ് ആൻഡ് കാരി നൽകിയ പ്രശസ്തമായ പയനിയേഴ്സ് അവാർഡും തേടിയെത്തിയിരുന്നു.

കൊച്ചി മറൈൻ ഡ്രൈവിലും വസതിയുണ്ടായിരുന്ന ജോൺസൺ മാഞ്ഞൂരാന്റെ വേർപാട് പ്രവാസി മലയാളി സമൂഹത്തിനും വ്യവസായ ലോകത്തിനും തീരാനഷ്ടമാണ്. ഭാര്യ: ശോഭ. മക്കൾ: മായ, ദീപ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.