വത്തിക്കാൻ സിറ്റി: ആഗോള സമാധാനത്തിന്റെ ശക്തമായ സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സവിശേഷമായ സമ്മാനം നൽകാനൊരുങ്ങി പ്രശസ്ത അർജന്റീനിയൻ വെള്ളിശില്പിയും സ്വർണപ്പണിക്കാരനുമായ ഹുവാൻ കാർലോസ് പല്ലാറോൾസ്. യുദ്ധങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടകൾ ഉരുക്കിയെടുത്ത ലോഹം ഉപയോഗിച്ചാണ് പാപ്പയ്ക്കുള്ള വിശുദ്ധ കുർബാനയർപ്പണ പാത്രം (ചാലിസ് / കാസ) അദേഹം നിർമ്മിക്കുന്നത്.
ലോകസമാധാനത്തിന് വേണ്ടിയുള്ള സന്ദേശമുയർത്തിയാണ് പല്ലാറോൾസ് ഈ ‘സമാധാനത്തിന്റെ കാസ’യുടെ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. മാൽവിനാസ് (ഫോക്ക്‌ലാന്റ്) യുദ്ധം, രണ്ടാം ലോകമഹായുദ്ധം ഉൾപ്പെടെ വിവിധ ചരിത്രപ്രധാനമായ യുദ്ധമുഖങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടകളുടെ ലോഹഭാഗങ്ങളാണ് ഇതിനായി പുനരുപയോഗിക്കുന്നത്.
“തോക്കുകളിൽ നിന്നും വെടിയുണ്ടകളിൽ നിന്നും മരണമല്ല, മറിച്ച് സമാധാനമാണ് ഉദ്ഭവിക്കേണ്ടത്” എന്ന ശക്തമായ സന്ദേശമാണ് ഈ അപൂർവ കലാസൃഷ്ടിയിലൂടെ ലോകത്തിന് നൽകാൻ ആഗ്രഹിക്കുന്നതെന്ന് 82-കാരനായ പല്ലാറോൾസ് വ്യക്തമാക്കി.
മാർപാപ്പയ്ക്ക് നേരിട്ട് കൈമാറുന്നതിന് മുന്നോടിയായി, ഈ കാസ അർജന്റീനയിലെ വിവിധ പ്രവിശ്യകളിലൂടെയും ലെയോ പതിനാലാമൻ പാപ്പ മുൻപ് ബിഷപ്പായി ശുശ്രൂഷ ചെയ്ത പെറുവിലെ ചിക്കലായോ രൂപതയിലൂടെയും വിശ്വാസികളുടെ പങ്കാളിത്തത്തോടെ പ്രദർശിപ്പിച്ചു വരികയാണ്. പതിനായിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ഇതിൽ കൊത്തുപണികൾ നടത്തുന്നതിൽ നേരിട്ട് പങ്കാളികളാകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളുടെ പ്രാർഥനകളും സമാധാനത്തിനായുള്ള ആഗ്രഹങ്ങളും വത്തിക്കാനിലെത്തിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മയ്ക്ക് പിന്നിലുണ്ട്.
അർജന്റീനയിലെ രാഷ്ട്രപതിമാരുടെ ഭരണദണ്ഡുകളും മുൻ മാർപാപ്പമാർക്കായി വിശുദ്ധ കുർബാന പാത്രങ്ങളും നിർമ്മിച്ച് ആഗോളതലത്തിൽ ഏറെ ശ്രദ്ധേയനായ പ്രതിഭയാണ് ഹുവാൻ കാർലോസ് പല്ലാറോൾസ്. ഈ കാസയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ അദേഹം നേരിട്ട് വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ പാപ്പയ്ക്ക് ഈ സമാധാനത്തിന്റെ ഉപഹാരം സമർപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.