ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ രൂക്ഷ വിമര്‍ശനങ്ങളും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിലെ കടുത്ത നിലപാടുകളും അടങ്ങിയ ഓര്‍മപ്പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തണമെന്ന അന്താരാഷ്ട്ര പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ ലോകത്ത് വന്‍ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ പോകുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന ഓര്‍മ പുസ്തകത്തില്‍ നിന്ന് ഒരക്ഷരം പോലും വെട്ടിമാറ്റാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ പെന്‍ഗ്വിന്‍ പ്രസാധനത്തില്‍ നിന്ന് പിന്മാറി. പ്രമുഖ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തിക്കുമെന്നാണ് ഏറ്റവും പുതിയ സൂചന.
അന്താരാഷ്ട്ര പതിപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പുറംചട്ടയോടെയാണ് പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പ് വായനക്കാരുടെ കൈകളില്‍ എത്തുക. ക്ലോസ്-അപ്പ് മുഖ ചിത്രത്തിന് പകരം സാരി ധരിച്ച സോണിയയുടെ പൂര്‍ണകായ ചിത്രമാകും കവറിലുണ്ടാകുക. ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ക്യാമറയില്‍ പകര്‍ത്തിയ അപൂര്‍വ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. അമേരിക്ക ആസ്ഥാനമായ ആല്‍ഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ അന്താരാഷ്ട്ര പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തെ ഉലയ്ക്കുന്ന നാലോളം നിര്‍ണായക വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. 2004 ല്‍ ഗുജറാത്തിലെ പൊതുസമ്മേളനത്തില്‍ വെച്ച് നരേന്ദ്ര മോഡി സോണിയാ ഗാന്ധിയെ ജേഴ്സി പശു എന്ന് വിശേഷിപ്പിച്ചത് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഭാഗം പൂര്‍ണമായി നീക്കം ചെയ്യണമെന്ന പ്രസാധകരുടെ ആവശ്യം സോണിയ ഒറ്റയടിക്ക് നിരസിക്കുകയായിരുന്നു.
പ്രധാനമന്ത്രി മോഡിയുമായുള്ള കൂടിക്കാഴ്ചകള്‍, മുന്‍ പ്രധാനമന്ത്രിമാരുമായി അദേഹത്തെ താരതമ്യം ചെയ്യുന്ന നിരീക്ഷണങ്ങള്‍, ആര്‍.എസ്.എസ് പ്രസ്ഥാനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എന്നിവയും പുസ്തകത്തെ വിവാദ കേന്ദ്രമാക്കുന്നു. ചൈനയുടെ അതിര്‍ത്തി കടന്നുകയറ്റത്തെക്കുറിച്ചും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചുമുള്ള ശക്തമായ വിമര്‍ശനങ്ങളാണ് മറ്റൊന്ന്.
പ്രസാധകരുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, താന്‍ കുറിച്ച സത്യങ്ങള്‍ മാറ്റമില്ലാതെ വായനക്കാരിലേക്ക് എത്തിക്കാനാണ് സോണിയയുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.