ഗാസ: യുദ്ധത്തിന്റെ കറുത്ത നിഴലുകൾക്കും കടുത്ത യാതനകൾക്കുമിടയിലും പ്രതീക്ഷയുടെ പുതിയ വെളിച്ചമേകി ഗാസയിലെ ഹോളി ഫാമിലി കത്തോലിക്ക സ്കൂൾ വീണ്ടും പ്രവർത്തനമാരംഭിച്ചു. മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 15-നാണ് സ്കൂൾ കുട്ടികളെ വരവേറ്റത്. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയോട് ചേർന്നാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
യുദ്ധക്കെടുതികളിൽ തകർന്നുപോയ ജീവിതങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിവരാൻ സ്കൂളിന്റെ പുനരാരംഭം കുട്ടികൾക്കും മാതാപിതാക്കൾക്കും വലിയൊരു ആശ്വാസമാണെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റോമനെല്ലി ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ പ്രതിനിധി സംഘത്തോട് വ്യക്തമാക്കി.
പുതിയ അധ്യയന വർഷത്തിനായി ഏകദേശം 1,000 വിദ്യാര്‍ത്ഥികളാണ് സ്കൂളിലെത്തിയത്. ഇതിൽ ഭൂരിഭാഗവും മുസ്ലീം വിദ്യാർത്ഥികളാണെന്നതും ക്രിസ്തീയ വിദ്യാർത്ഥികൾ 13 ശതമാനം വരുമെന്നതും ശ്രദ്ധേയമാണ്. യുദ്ധത്തിന് മുമ്പ് ഗാസയിൽ നിരവധി ക്രിസ്തീയ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയം ഹോളി ഫാമിലി സ്കൂൾ മാത്രമാണ്. അതിനാൽ ഗാസയിലെ മുഴുവൻ ക്രിസ്തീയ വിദ്യാർത്ഥികളും ആദ്യമായി ഈ സ്കൂളിൽ ഒന്നിച്ചു പഠിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
യുദ്ധത്തിൽ കടുത്ത മാനസികാഘാതം അനുഭവിച്ച കുട്ടികൾക്കും അധ്യാപകർക്കും ആശ്വാസമേകാൻ പ്രത്യേക കൗൺസിലിംഗ് സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. നശിച്ചുപോയ കെട്ടിടങ്ങൾക്കും അവശിഷ്ടങ്ങൾക്കുമിടയിലൂടെ യൂണിഫോം ധരിച്ച് കുട്ടികൾ സ്കൂളിലേക്ക് മടങ്ങിയെത്തുന്നത് പ്രദേശവാസികൾക്ക് വലിയൊരു ദൈവീക അനുഗ്രഹവും പ്രത്യാശയുമാണ് സമ്മാനിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പകരുന്ന സഭയുടെ ഈ ഉദ്യമത്തിന് ഏവരുടെയും പ്രാർത്ഥനാപിന്തുണ ആവശ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.