വീട്ടില്‍ നിന്ന് വിദേശമദ്യം പിടിച്ച കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; ജയിലില്‍ തുടരും

വീട്ടില്‍ നിന്ന് വിദേശമദ്യം പിടിച്ച കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; ജയിലില്‍ തുടരും

കല്‍പ്പറ്റ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ വിദേശമദ്യം പിടിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും.

ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം എക്‌സൈസ് ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും കോടതി അറ്റാച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു.

എന്നാല്‍ അത് വ്യാജ മദ്യമല്ലെന്നും ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.