ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിക്കുന്നു: കരടുപെരുമാറ്റച്ചട്ടം തയ്യാറാക്കി കേരള സര്‍വകലാശാല; ലംഘിച്ചാല്‍ പിഴയും റവന്യൂ റിക്കവറിയും

ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിക്കുന്നു: കരടുപെരുമാറ്റച്ചട്ടം തയ്യാറാക്കി കേരള സര്‍വകലാശാല; ലംഘിച്ചാല്‍ പിഴയും റവന്യൂ റിക്കവറിയും

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ അച്ചടക്കം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായി നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന കരടുപെരുമാറ്റച്ചട്ടം സിന്‍ഡിക്കേറ്റ് തയ്യാറാക്കി. കലാലയങ്ങളില്‍ ക്രമസമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവും ഇതിന്‍മേല്‍ നടപടിയെടുക്കാന്‍ വി.സിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശവുമാണ് സര്‍വകലാശാലയുടെ ഈ നീക്കത്തിന് പിന്നില്‍.

കരട് നിര്‍ദേശമനുസരിച്ച് കോളജുകളിലും പഠന വിഭാഗങ്ങളിലും സമരം, ധര്‍ണ, ഉപരോധം തുടങ്ങിയ ഒരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ക്ലാസ് മുറികളിലോ ക്യാമ്പസിനുള്ളിലോ മുദ്രാവാക്യം വിളിക്കുന്നതും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രചാരണങ്ങളും സംഘാടനവും നടത്തുന്നതും പൂര്‍ണമായി തടയും. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താക്കീത്, സസ്‌പെന്‍ഷന്‍, ടി.സി നല്‍കി പുറത്താക്കല്‍ എന്നി ശിക്ഷകള്‍ക്ക് പുറമെ അയ്യായിരം രൂപയില്‍ കുറയാത്ത പിഴയുമുണ്ട്. ഇതിനൊപ്പം ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി പതിനായിരം രൂപ പിഴ അടയ്ക്കണം. ഇത് നല്‍കാത്ത പക്ഷം റവന്യൂ റിക്കവറിയിലൂടെ തുക ഈടാക്കാനാണ് തീരുമാനം. പ്രിന്‍സിപ്പല്‍മാര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമായിരിക്കും നടപടിയെടുക്കാനുള്ള ചുമതല.

ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും കോടതിയുടെയും ചാന്‍സലറുടെയും ഉത്തരവുകള്‍ പാലിക്കാനാണ് നടപടിയെന്നും വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. പൂട്ടിടലല്ല, മറിച്ച് ക്യാമ്പസ് സമാധാനത്തിനായുള്ള നിയന്ത്രണം മാത്രമാണിതെന്നും വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്നും യു.ഡി.എഫ് സിന്‍ഡിക്കേറ്റ് അംഗം വൈ. അഹമ്മദ് ഫസില്‍ വ്യക്തമാക്കി.

എന്നാല്‍ ഈ നീക്കത്തിനെതിരെ ഇടത്, ബി.ജെ.പി. അംഗങ്ങള്‍ രംഗത്തെത്തി. വിദ്യാര്‍ഥി രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും വിദ്യാര്‍ഥികളുടെ രാഷ്ട്രീയാവകാശ സംരക്ഷണം അക്കാദമിക ചുമതലയാണെന്നും സി.പി.എം സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് പറഞ്ഞു. നിരോധനത്തോട് യോജിപ്പില്ലെന്നും എന്നാല്‍ ക്യാമ്പസുകളില്‍ രാഷ്ട്രീയമുക്തമായ അന്തരീക്ഷം ഉറപ്പാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന ശൈലി മാറേണ്ടതുണ്ടെന്നും ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗം പി.എസ് ഗോപകുമാറും ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.