നഗോയ: ഇരുപതാമത് ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ ചരിത്ര നേട്ടവുമായി മലയാളി താരം വിദര്‍ശ കെ. വിനോദ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വിദര്‍ശ വെള്ളി മെഡല്‍ നേടി.
ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും ഇതോടെ വിദര്‍ശ സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദര്‍ശ കെ. വിനോദ്. മുഖ്യമന്ത്രി വി.ഡി സതീശന്‍ താരത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ഐച്ചി നഗോയയില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ എളവേണില്‍ വാളറിവനും സോനം മസ്‌കറിനുമൊപ്പം വെള്ളി മെഡല്‍ കരസ്ഥമാക്കിയ ടീമിലെ അംഗമാണ് വിദര്‍ശ.
കേരളത്തിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നാണ് വിദര്‍ശയുടെ കായിക യാത്ര ആരംഭിക്കുന്നത്. കരാറുകാരനായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തില്‍ ജനിച്ച വിദര്‍ശ, യാതൊരുവിധ ഔദ്യോഗിക പരിശീലനവുമില്ലാതെയാണ് ഷൂട്ടിങ് രംഗത്തേക്ക് കടന്നുവന്നത്.
ഷൂട്ടിങ് രംഗത്തെ ഉയര്‍ന്ന ചെലവുകള്‍ തങ്ങാനാകാതെ കരിയറിന്റെ തുടക്കത്തില്‍ കടം വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു വിദര്‍ശയുടെ പരിശീലനം. ആദ്യ പരീക്ഷണത്തില്‍ തന്നെ എന്‍സിസി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിദര്‍ശയുടെ ഷൂട്ടിങ് കരിയര്‍ ആരംഭിക്കുന്നത്.
വൈകാതെ കേരള സംസ്ഥാന ടീമിലും ഇടം നേടി. കേരള സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അഗ്രഗേറ്റ് ചാമ്പ്യനായി മാറിയെങ്കിലും സ്വന്തമായി ഒരു പ്രൊഫഷണല്‍ റൈഫിള്‍ സ്വന്തമാക്കുക എന്നത് വിദര്‍ശയ്ക്ക് സ്വപ്നം മാത്രമായി അവശേഷിച്ചു.
തുടക്കക്കാര്‍ക്ക് വളരെ ചെലവേറിയ ഒരു കായികയിനമാണ് ഷൂട്ടിങ്. ജാക്കറ്റും വെടിയുണ്ടകളും വാങ്ങുന്നതിന് മുമ്പ് തന്നെ റൈഫിളുകള്‍ക്ക് മാത്രം ലക്ഷക്കണക്കിന് രൂപ ചെലവ് വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.