ദുബായ്: പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷമായ 'അക്കാഫ് പൊന്നോണക്കാഴ്ച ’26' ഒക്ടോബർ 11 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 135-ഓളം കോളജ് അലുമ്നി കൂട്ടായ്മകളാണ് ഈ മഹാമേളയ്ക്ക് പിന്നിൽ അണിനിരക്കുന്നത്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മക്കളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ അവസരമൊരുക്കുന്ന 'മാതൃവന്ദനം' പദ്ധതി ഇത്തവണയും ആഘോഷത്തിന്റെ പ്രധാന ആകർഷണമാണ്. യു.ഇ.എയിൽ സാധാരണ ജോലികളിൽ ഏർപ്പെടുന്ന പ്രവാസികളുടെ അമ്മമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 28 അമ്മമാരെയാണ് അക്കാഫ് ദുബായിലേക്ക് എത്തിക്കുന്നത്.
വിമാനയാത്ര, വിസ, താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവയുടെ മുഴുവൻ ചെലവുകളും അസോസിയേഷൻ വഹിക്കും. ഒക്ടോബർ 11 ലെ സമാപന വേദിയിൽ ഇവരെ പ്രത്യേകമായി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രാരംഭ ചടങ്ങുകളും മത്സരങ്ങളും ഒക്ടോബർ 4-ന് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണം കൺവെൻഷന് ശേഷം ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാടൻപാട്ട്, മലയാളി മങ്ക, പുരുഷകേസരി, കിഡ്സ് ഫാഷൻ ഷോ തുടങ്ങിയ പ്രാഥമിക മത്സരങ്ങൾ അരങ്ങേറും. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഒക്ടോബർ 11-ലെ മെഗാ ഇവന്റിൽ മാറ്റുരയ്ക്കാൻ അവസരം ലഭിക്കുക.
ഒക്ടോബർ 11 ലെ പ്രധാന വേദിയിൽ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, സാംസ്കാരിക ഘോഷയാത്ര, നാടൻ കളികൾ, പായസം മത്സരം, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരങ്ങൾ എന്നിവ അരങ്ങേറും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന വിപുലമായ ഓണസദ്യയിൽ ഏകദേശം 10,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ജനറൽ കൺവീനർ സാനു മാത്യു, ജോയിന്റ് ജനറൽ കൺവീനർമാരായ അനിൽ നായർ, ബീന ശശിശങ്കർ, ലക്ഷ്മി ഷിബു, സത്യജിത് വാസുദേവ്, ജയകൃഷ്ണൻ രാധാകൃഷ്ണൻ, അമീർ സിറാജ് എന്നിവരുടെ നേതൃത്വത്തിൽ 30 സബ് കമ്മിറ്റികളാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.