പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; സൗജന്യ റേഷന്‍ വീട്ടുപടിക്കല്‍, ആകർഷക വാഗ്ദാനങ്ങളുമായി മമതയുടെ പ്രകടന പത്രിക

പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; സൗജന്യ റേഷന്‍ വീട്ടുപടിക്കല്‍, ആകർഷക വാഗ്ദാനങ്ങളുമായി മമതയുടെ പ്രകടന പത്രിക

കൊല്‍ക്കത്ത: രണ്ട് തവണ മാറ്റിവച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പത്രിക കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുറത്തിറക്കി. തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് പത്രിക പുറത്തിറക്കാന്‍ വൈകിയതെന്ന് മമത ബാനര്‍ജി വിശദീകരിച്ചു.കാലിന് പരിക്കേറ്റതിനാൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് പ്രകടനപത്രിക മമത പുറത്തിറക്കിയത്. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വൻ പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്.

തന്റെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. തന്റെ ജീവിതം മുഴുവൻ ബംഗാളിലെ വികസനത്തിനുവേണ്ടി ഉഴിഞ്ഞു വച്ചതെന്നും മമത ബാനർജി പറഞ്ഞു. മാതാവ്, മണ്ണ്, ജനങ്ങള്‍(മാ, മതി, മനുഷ്) എന്നിങ്ങനെ മൂന്ന് സുപ്രധാന ഘടകങ്ങളെയും മനസ്സില്‍ വച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളതെന്ന് മമത പറഞ്ഞു.

സ്ത്രികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രകടനപത്രികയിലെ പ്രധാന പരിഗണന.പാവപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ വർഷവും സാമ്പത്തിക സഹായം നൽകും. പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ, അഞ്ച് ലക്ഷം തൊഴിലിടങ്ങൾ, അർഹരായവരുടെ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ വീടുകളിലെത്തിക്കും.

പിന്നോക്കവിഭാഗത്തിലുൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 12000 രൂപ, കർഷകർക്കുള്ള പ്രതിവർഷ ധനസഹായം 6000 ത്തിൽ നിന്നും 10000മാക്കി ഉയർത്തും, അർഹരായ വിദ്യാർത്ഥികൾക്ക് 10 ലക്ഷം വരെ പരിധിയുള്ള ക്രഡിറ്റ് കാർഡ് എന്നിവയാണ് പ്രധാനവാഗ്ദാനങ്ങൾ. കൂടുതൽ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ പ്രത്യേക ദൗത്യ സംഘത്തെ രൂപികരിക്കും എന്നും വാഗ്ദാനമുണ്ട്.

വികസനം, ക്ഷേമം, വനിതാ ശാക്തീകരണം, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയില്‍ ഊന്നല്‍ നല്‍കി ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രകടനപത്രിക പുറത്തിറക്കിയതെന്നും മമത പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപരിപാടികളുടെ വിശദവിവരങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ കന്യാശ്രീ പദ്ധതിക്ക് യുനെസ്‌കോയുടെ അഭിനന്ദനവും പുരസ്‌കാരവും ലഭിച്ചതായും മമത പറഞ്ഞു. പെണ്‍കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കന്യാശ്രീ.

മുൻ വാഗ്ദാനങ്ങൾ 100 ശതമാനം പാലിച്ചതായും, തന്റെ ജീവിതം ബംഗാളിനായി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നും മമത പറഞ്ഞു. പ്രകടന പത്രികക്ക് പിന്നാലെ പ്രചാരണം തീവ്രമാക്കാനാണ് തൃണമൂലിന്റെ പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.