ധര്‍മടത്ത് മത്സരത്തിനില്ല; രഘുനാഥിനെ മത്സരിപ്പിക്കണം: കെ.സുധാകരന്‍

ധര്‍മടത്ത്  മത്സരത്തിനില്ല; രഘുനാഥിനെ മത്സരിപ്പിക്കണം: കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് കെ.സുധാകരന്‍ ധര്‍മടത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ തന്നെ വ്യക്തമാക്കി.

കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡും ഇതിന് പച്ചക്കൊടി കാണിച്ചിരുന്നു. കൂടിയാലോചനയ്ക്ക് ഒരു മണിക്കൂര്‍ സമയം ചോദിച്ച സുധാകരന്‍ പിന്നീട് മത്സരത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു.

ധര്‍മടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം ഉടലെടുത്തത്. ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. സുധാകരന്‍ തന്നെയാണ് രഘുനാഥിനെ നിര്‍ദേശിച്ചിരുന്നത്.

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങിയിരുന്നു. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല.

സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ ധര്‍മടം മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തി. കെ.സുധാകരന്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ അദ്ദേഹത്തെ കാണുകയും ചെയ്തു.

പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് കെ.സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.