പകുതിയോളം എംഎല്‍എമാര്‍ പങ്കെടുത്തില്ല; മുഖ്യമന്ത്രി വിളിച്ച യോഗം പാളി: മണിപ്പൂര്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം

പകുതിയോളം എംഎല്‍എമാര്‍ പങ്കെടുത്തില്ല; മുഖ്യമന്ത്രി വിളിച്ച യോഗം പാളി: മണിപ്പൂര്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം

ഇംഫാല്‍: മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് വിളിച്ച യോഗത്തില്‍ നിന്ന് 19 ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു.

സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും വിളിച്ച യോഗമാണ് ഇതോടെ പാളിപ്പോയത്. 37 ബിജെപി എംഎല്‍എമാരില്‍ 19 പേരും യോഗം ബഹിഷ്‌കരിച്ചു. ഇതോടെ സംസ്ഥാനത്തെ ബിജെപിയിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

ജിരിബാമില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്.

യോഗം ബഹിഷ്‌കരിച്ചവരില്‍ മെയ്‌തേയി, കുക്കി വിഭാഗത്തില്‍ പെട്ട മന്ത്രിമാരടക്കമുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടുന്നു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ജിരിബാമിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ. ജഡു സിങ്, ജനറല്‍ സെക്രട്ടറിമാരായ മുത്തും ഹേമന്ത് സിങ്, പി ബിരാമണി സിങ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് തുടങ്ങിയവരാണ് രാജിവെച്ചത്.

കൂടാതെ, മണിപ്പുരില്‍ സഖ്യ സര്‍ക്കാരില്‍ നിന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) പിന്‍മാറുകയും ചെയ്തു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്‍പിപി. ഏഴ് എല്‍എല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ ബീരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.