യുഎസ്-ചൈന കൂടിക്കാഴ്ച്ചയില്‍ വാക്‌പോര്

യുഎസ്-ചൈന കൂടിക്കാഴ്ച്ചയില്‍ വാക്‌പോര്

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായശേഷം ചൈനയുമായി നടത്തിയ ആദ്യ ഉന്നതതല ചര്‍ച്ചയില്‍ യുഎസ്-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്‌പോര്. ചൈനയെ ആക്രമിക്കാന്‍ അമേരിക്ക രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് ചൈനീസ് ഉദ്യോഗസ്ഥരും ചൈന കൈയടി നേടാനുള്ള ലക്ഷ്യത്തോടെയാണ് എത്തിയതെന്നു യുഎസും ആരോപിച്ചു. യു.എസിലെ അലസ്‌കയിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധകള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള രണ്ടു മഹാശക്തികള്‍ തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി അത്ര സുഖകരമല്ല.

യുഎസ് പ്രതിനിധികളായ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍, ചൈനയിലെ മുതിര്‍ന്ന വിദേശ നയ ഉദ്യോഗസ്ഥനായ യാങ് ജിയേച്ചി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരാണ് ഏറ്റുമുട്ടിയത്.

ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗര്‍ മുസ്ലിംകള്‍ക്കു നേരെ ചൈന നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും യുഎസ് ഉന്നയിച്ചു. നിശ്ചയിച്ച രണ്ടു മണിക്കൂറിലധികം നടന്ന ചര്‍ച്ച ഗൗരവമേറിയതും പ്രാധാന്യമുള്ളതായിരുന്നുവെന്നും യു.എസ്. ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അമേരിക്കയ്ക്കെതിരായ സൈബര്‍ ആക്രമണം, ഷിന്‍ജിയാങ്, ഹോങ്കോംഗ്, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കു നേരെ നടക്കുന്ന സാമ്പത്തിക ബലപ്രയോഗം എന്നിവയുള്‍പ്പെടെയുള്ള ചൈനയുടെ നടപടികള്‍ സംബന്ധിച്ച് യുഎസിനുള്ള ആശങ്കകള്‍ ഉന്നയിക്കുമെന്ന് ചര്‍ച്ചയ്ക്ക് മുമ്പ് ബ്ലിങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം അമേരിക്ക ഉന്നയിച്ച ആരോപണങ്ങളിന്മേല്‍ ചൈനയും കടുത്ത മറുപടിയാണു നല്‍കിയത്. വാഷിംഗ്ടണ്‍ മറ്റ് രാജ്യങ്ങളെ അടിച്ചമര്‍ത്താന്‍ സൈനിക ശക്തിയും സാമ്പത്തിക മേധാവിത്വവും ഉപയോഗിച്ചുവെന്ന് യാങ് ആരോപിച്ചു. വാണിജ്യ വിനിമയത്തെ തടസപ്പെടുത്താനും ചൈനയെ ആക്രമിക്കാന്‍ യു.എസ് ചില രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസിലെ മനുഷ്യാവകാശങ്ങള്‍ വളരെ താഴ്ന്ന നിലയിലാണെന്നും കറുത്ത വര്‍ഗക്കാര്‍ കടുത്ത വിവേചനം നേരിടുന്നതായും യാങ് പറഞ്ഞു.

വാഷിംഗ്ടണ്‍ ചൈനയുമായി ഒരു സംഘര്‍ഷത്തിനും ശ്രമിച്ചിട്ടില്ലെന്നു സള്ളിവന്‍ തിരിച്ചടിച്ചു: 'അമേരിക്കയിലെ ജനങ്ങള്‍ക്കും സുഹൃത്ത് രാജ്യങ്ങള്‍ക്കുമായി തങ്ങള്‍ എല്ലായ്‌പ്പോഴും നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.