സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററിലധികം മഴ പെയ്തതിനെത്തുടര്‍ന്ന് റോഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും ബഹുനില മന്ദിരങ്ങളിലും പാര്‍ക്കുകളിലും വീടുകളിലും വെള്ളം കയറി. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. പതിനാല് പേരെ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും സഹായത്തിനായി സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിലേക്ക് 400ലധികം കോളുകള്‍ ലഭിച്ചു. ഒരു ദശാബ്ദത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ജീവനുതന്നെ ഭീഷണിയാകുന്ന പ്രളയം തുടരുന്നതിനാല്‍ ന്യൂ സൗത്ത് വെയില്‍സ് വടക്കന്‍ തീരത്തെ നഗരങ്ങളിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
പോര്‍ട്ട് മക്വാരി, കെംപ്സി, ലോവര്‍ മക്ലേ, നോര്‍ത്ത് ഹാവെന്‍ എന്നിങ്ങനെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനങ്ങളെ വെള്ളിയാഴ്ച രാത്രി ഒഴിപ്പിച്ചു. വെള്ളം ഉയരുന്നതും ഹോക്‌സ്ബറി, നേപ്പിയന്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നിരവധി നഗരങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സിഡ്നിയിലും ഇന്ന് സമാനമായ കാലാവസ്ഥയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സിഡ്‌നിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ശനിയാഴ്ച 150 മില്ലിമീറ്ററിലധികം മഴ പെയ്യുമെന്നാണു പ്രവചനം.
ന്യൂ സൗത്ത് വെയില്‍സ് വടക്കന്‍ തീരത്തുനിന്ന് ഹണ്ടര്‍ റീജിയന്‍, സിഡ്‌നി, ഇലവാറ എന്നീ പ്രദേശങ്ങളിലേക്കു പ്രളയം വ്യാപിക്കുന്നതിനാല്‍ സിഡ്‌നിയിലെ ഏറ്റവും വലിയ റിസര്‍വോയറായ വാറഗാംബ ഡാം അടുത്ത ദിവസങ്ങളില്‍ കവിഞ്ഞൊഴുകിയേക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ നാലിരട്ടി വരെ മഴ വീഴുമെന്നാണു പ്രവചനം. പലയിടത്തും മിന്നല്‍ പ്രളയം മണ്ണിടിച്ചിലിനും കാരണമായി. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങളെ കനത്ത മഴ ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി കെംപ്സി പ്രദേശത്ത് 47 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴയാണു ലഭിച്ചത്-226 മില്ലിമീറ്റര്‍.
ഗ്ലൗസെസ്റ്റര്‍ നദിക്കരയില്‍, ഇന്നു രാവിലെയോടെ 5.8 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞാല്‍ മാത്രമേ നാശനഷ്ടങ്ങുടെ തോത് വ്യക്തമാകൂ. മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ താറുമാറായത് ഗതാഗതത്തെയും ബാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.