രണ്ടാം ക്രിസ്തു എന്നും ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ച വിശുദ്ധനെന്നും അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ആഘോഷിക്കുകയാണ് സഭ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ അസീസിയില്‍ ജനിച്ച ഫ്രാന്‍സിസ്, കത്തോലിക്കാ സഭയിലെ ഏറ്റവും ജനപ്രിയനായ വിശുദ്ധന്മാരില്‍ ഒരാളാണ്. സമ്പന്നനായ ഒരു വസ്ത്ര വ്യാപാരിയുടെ മകനായി ജനിച്ച അദേഹം, യൗവനകാലത്ത് സുഖലോലുപത നിറഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ പട്ടാള സേവനത്തിനിടയില്‍ ഉണ്ടായ അനുഭവങ്ങളും രോഗവിഷമതകളും അദേഹത്തിന്റെ ചിന്തകളെ തിരിച്ചുവിട്ടു.
ലൗകിക സുഖഭോഗങ്ങളും സമ്പത്തും ഉപേക്ഷിച്ച്, ദൈവവിളിക്കായി സ്വയം സമര്‍പ്പിക്കാന്‍ അദേഹം തീരുമാനിക്കുകയായിരുന്നു. സ്വന്തം പിതാവിന്റെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് ലളിതമായ ജീവിതരീതി സ്വീകരിച്ച അദേഹം, ലാളിത്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സന്ദേശം ലോകത്തിന് കാട്ടിക്കൊടുത്തു.
'ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭ' സ്ഥാപിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. സുവിശേഷ മൂല്യങ്ങള്‍ അതേപടി ജീവിച്ചുകാണിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. പാവപ്പെട്ടവരെയും രോഗികളെയും പ്രത്യേകിച്ച് അക്കാലത്ത് സമൂഹം മാറ്റിനിര്‍ത്തിയിരുന്ന കുഷ്ഠരോഗികളെയും, സ്‌നേഹത്തോടെ പരിചരിക്കാന്‍ അദേഹം മുന്നിട്ടിറങ്ങി. ക്രിസ്തുവിന്റെ അനുഗാമിയായി ജീവിച്ച ഫ്രാന്‍സിസിന് തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ക്രിസ്തുവിന്റെ അഞ്ച് മുറിവുകളുടെ അടയാളങ്ങള്‍ (പഞ്ചക്ഷതങ്ങള്‍) ശരീരത്തില്‍ ലഭിച്ചു. ഇത് ലഭിക്കുന്ന സഭാ ചരിത്രത്തിലെ ആദ്യ വിശുദ്ധനാണ് അദേഹം.

പ്രകൃതിയെയും സകല ജീവജാലങ്ങളെയും ദൈവത്തിന്റെ സൃഷ്ടികളായി കണ്ട് സ്‌നേഹിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് അസീസി. സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം സഹോദരീ സഹോദരന്മാരായി അദേഹം വിശേഷിപ്പിച്ചു. പക്ഷികളോട് സുവിശേഷം പ്രസംഗിച്ചതും ലൂബിയോയിലെ ചെന്നായയെ ശാന്തനാക്കിയതുമെല്ലാം അദേഹത്തിന്റെ ജീവകാരുണ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഈ പ്രകൃതി സ്‌നേഹം മുന്‍നിര്‍ത്തി 1979 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദേഹത്തെ പരിസ്ഥിതി ശാസ്ത്രത്തിന്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
ലളിത ജീവിതവും സഹജീവി സ്‌നേഹവും വഴി ലോകത്തിന് സമാധാനത്തിന്റെ വലിയൊരു മാതൃകയാണ് വിശുദ്ധ ഫ്രാന്‍സിസ് നല്‍കിയത്. 'ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ' എന്ന അദേഹത്തിന്റെ പ്രാര്‍ത്ഥന ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണ്. 1226 ഒക്ടോബര്‍ മൂന്നിന് ഈ ലോകത്തോട് വിടപറഞ്ഞ അദേഹത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ നാലിന് ആഗോളതലത്തില്‍ ആചരിക്കുകയാണ്. ഭൗതികതയ്ക്ക് പിന്നാലെ പായുന്ന ആധുനിക ലോകത്ത് വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിത സന്ദേശം ഏവര്‍ക്കും ഒരു വഴികാട്ടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.