ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനും
പുതുതലമുറയിലേക്ക് പകര്ന്നുനല്കാനും ലക്ഷ്യമിട്ട് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) സുറിയാനി ഭാഷ അക്കാഡമി
(Syriac Learning Academy) ആരംഭിക്കുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മാര്‍ഗ നിര്‍ദേശത്തില്‍ എസ്.എം.സി.സി വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പഠന സംരംഭം ആവിഷ്കരിച്ച് ഏകോപിപ്പിക്കുന്നത്.
വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ സുറിയാനി ദൈവശാസ്ത്ര വിഭാഗത്തിന്റെ
സഹകരണത്തോടെയാണ് അടിസ്ഥാന സുറിയാനി ഭാഷാ പഠനത്തില്‍ ആറ് മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. സുറിയാനി അക്ഷരമാല, അടിസ്ഥാന വായനയും ഉച്ചാരണവും, ദൈനംദിന പദങ്ങളും പ്രയോഗങ്ങളും, അടിസ്ഥാന വ്യാകരണം, സീറോ മലബാര്‍
ആരാധനാ ക്രമത്തില്‍ ഉപയോഗിക്കുന്ന സുറിയാനി പദങ്ങളും പ്രാര്‍ത്ഥനകളും അവയുടെ അര്‍ത്ഥവും പശ്ചാത്തലവും തുടങ്ങിയവ പഠനത്തിന്റെ ഭാഗമാകും.
ഭാഷാ പഠനത്തോടൊപ്പം സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ പാരമ്പര്യത്തെയും ആത്മീയ-സാംസ്കാരിക പൈതൃകത്തെയും
കൂടുതല്‍ അടുത്തറിയാനുള്ള അവസരവും കോഴ്സ് ഒരുക്കും. 2026 നവംബര്‍ നാലിന് ആദ്യ ബാച്ച് ആരംഭിക്കും. രണ്ടാഴ്ചയിലൊരിക്കല്‍
ബുധനാഴ്ച രാത്രി ഒന്‍പതിന് (അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം), 45 മിനിറ്റ് വീതം ഓണ്‍ലൈനായിരിക്കും ക്ലാസുകള്‍. പ്രായപരിധിയില്ലാതെ സുറിയാനി ഭാഷ പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്ക്കും കോഴ്സില്‍ ചേരാം. ആദ്യ ബാച്ചില്‍ 60 സീറ്റുകള്‍ മാത്രമാണ് ലഭ്യമാകുക. രജിസ്ട്രേഷന് ഫീസ് 100 ഡോളര്‍ ആണ്.
വിശ്വാസ പരിശീലന അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പള്ളി ഗായക സംഘാംഗങ്ങള്‍, ദൈവശാസ്ത്ര വിദ്യാര്‍ഥികള്‍, സീറോ മലബാര്‍ സഭയുടെയും ഇടവകകളുടെയും വിവിധ ശുശ്രൂഷകളിലും പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന അല്മായര് എന്നിവരുടെ പങ്കാളിത്തമാണ് അക്കാദമി പ്രത്യേകമായി പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സുറിയാനി ഭാഷയും സഭയുടെ ആരാധനാക്രമ പൈതൃകവും പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്ക്കും കോഴ്സില്‍ ചേരാന്‍ അവസരം ഉണ്ടായിരിക്കും. പഠന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.
കൂടാതെ ഭാവിയില്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ പഠനത്തിന് അക്കാദമിക് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിച്ച് വരുന്നു. ബന്ധപ്പെട്ട സര്‍വകലാശാലകളുടെ അംഗീകാരത്തിനും അക്കാദമിക് നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
അക്കാദമിക്ക് സഭാപരവും അക്കാദമികവും സാംസ്കാരികവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഉപദേശക സമിതിയില്‍ അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് (ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍), മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷന്‍), ഫാ. ജോസഫ് പാലയ്ക്കല്‍ സി.എം.ഐ (ഇന്ത്യന്‍ സംഗീത ശാസ്ത്രജ്ഞന്, ഗായകന്, സംഗീത സംവിധായകന്, ഫാ. പോളി മണിയാട്ട് (പ്രസിഡന്റ്, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (POIRS)), ഡോ. ആന്‍ഡ്രൂസ് മേയ്ക്കാട്ടുകുന്നേല്(ഡയറക്ടര്‍, ബേത് അപ്രേം നസ്രാണി ദയറ), ഫാ. സിറില്‍ തയ്യില്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ ബേത് അപ്രേം നസ്രാണി ദയറ, കപ്പുംതല), ഫാ. ജോര്‍ജ് ഇളമ്പാശേരില്‍ (എസ്.എം.സി.സി ദേശീയ ഡയറക്ടര്‍) ഡോ. ജെയിംസ് കുറുച്ചി (പണ്ഡിതന്, പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ
(UPenn) റിട്ടയേര്‍ഡ് മലയാള ഭാഷാ അധ്യാപകന്) എന്നിവര്‍ അംഗങ്ങളാണ്.
ആവശ്യാനുസരണം കൂരിയ നിര്‍ദേശിക്കുന്ന സുറിയാനി പണ്ഡിതരെയും വൈദികരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉപദേശക സമിതിയില്‍
ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഫാ. മാത്യു വര്‍ഗീസ് മാറ്റത്തില്‍ ( ഡയറക്ടര്‍, സുറിയാനി ദൈവശാസ്ത്ര വിഭാഗം POIRS) ഫാക്കല്‍റ്റി
മേധാവിയായി പ്രവര്‍ത്തിക്കും.
ആദ്യമെത്തുന്നവര്‍ക്ക് മുന്‍ഗണന എന്ന അടിസ്ഥാനത്തിലായിരിക്കും ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം. താല്പര്യമുള്ളവര് www.smccusa.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് നടപടികളുടെ ഭാഗമായി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റില്‍ ലഭ്യമാകും. പ്രസിദ്ധീകരിച്ചിരിക്കുന്ന ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്താലും രജിസ്ട്രേഷന് പേജിലേക്ക് നേരിട്ട് പ്രവേശിക്കാം. ആദ്യ ബാച്ചിലെ 60
സീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ ലഭിക്കുന്ന രജിസ്ട്രേഷനുകള്‍ക്ക് അടുത്ത ബാച്ചില്‍ മുന്‍ഗണന നല്‍കുന്നതാണ്.
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ്
സുറിയാനി ഭാഷ അക്കാഡമി (Syriac Learning Academy) എന്ന ആശയം രൂപപ്പെടുത്തുകയും വിവിധ സഭാ-അക്കാദമിക സ്ഥാപനങ്ങളുമായുള്ള
സഹകരണം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത്.
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ദേശീയ സമിതിയുടെ പിന്തുണയോടെ ദേശീയ ഡയറക്ടര്‍ ഫാ. ജോര്‍ജ് ഇളമ്പാശ്ശേരില്‍, ദേശീയ പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, ദേശീയ സെക്രട്ടറി ഷോളി കുമ്പിളുവേലി, ദേശീയ ട്രഷറര്‍ ടോമി തോമസ് പുല്ലാപ്പള്ളി, വിദ്യാഭ്യാസ-ഗവേഷണ വിഭാഗം ചെയര്മാന് ജോസ് തോമസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിറിയക് സ്കറിയ, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സിജില്‍ പാലയ്ക്കലോടി എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം
നല്കുന്നു.
സീറോ മലബാര്‍ സഭയുടെ വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും വിലപ്പെട്ട ആരാധനാക്രമത്തിന്റെയും പൈതൃകമായ സുറിയാനി ഭാഷയെ പഠിക്കാനും മനസ്സിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകളിലേക്ക് കൈമാറാനും ആഗ്രഹിക്കുന്ന എല്ലാവരെയും എസ്.എം.സി.സി സുറിയാനി ഭാഷ അക്കാഡമി (SMCC Syriac Learning Academy)യുടെ ആദ്യ ബാച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.