യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം:  അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വി. ജോയി എംഎല്‍എയാണ് വിഷയത്തില്‍ പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയത്. പോലീസിന്റെ മര്‍ദ്ദനത്തില്‍ പൊട്ടിയ ലാത്തിയുടെ ഭാഗം പ്രതിപക്ഷം സഭയില്‍ പ്രദര്‍ശിപ്പിച്ചു. പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വലിയ വാഗ്വാദമാണ് ഉണ്ടായത്.

തിരുവനന്തപുരത്ത് നടന്നത് 'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നരനായാട്ടാ'ണെന്ന് വി. ജോയ് എംഎല്‍എ കുറ്റപ്പെടുത്തി. കന്റോണ്‍മെന്റ് എസ്.ഐ ഗോകുല്‍ 34 സെക്കന്‍ഡ് കൊണ്ട് 26 തവണയാണ് വിദ്യാര്‍ഥികളെ അടിച്ചത്. മര്‍ദ്ദിക്കാന്‍ പോലീസ് ഉപയോഗിച്ച ലാത്തിയുടെ പൊട്ടിയ ഭാഗം സഭയില്‍ ഉയര്‍ത്തിയാണ് വി. ജോയ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സഭയില്‍ എംഎല്‍എ ലാത്തിയുടെ ഭാഗം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ സ്പീക്കര്‍ ഇടപെട്ടു. ലാത്തിയുടെ ഭാഗം വാങ്ങാന്‍ അദ്ദേഹം വാച്ച് ആന്‍ഡ് വാര്‍ഡിനോട് നിര്‍ദേശിച്ചു. ലാത്തിയുടെ ഭാഗം പരിശോധിക്കുമെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

അടിയന്തര പ്രമേയത്തോട് പ്രതികരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയില്‍ കേസിന്റെ വിവരങ്ങള്‍ വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുകൂടാതെ കന്റോണ്‍മെന്റ്, മെഡിക്കല്‍ കോളജ്, പേട്ട തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ കൂടി ഇതിനോടനുബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച മന്ത്രി, കന്റോണ്‍മെന്റ് സി.ഐയും എസ്.ഐയും ജോലി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങളെ താലോലിക്കാന്‍ കഴിയാതെ ഇല്ലാതാക്കിക്കളയുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയ കാര്യവും സഭയില്‍ ചൂണ്ടിക്കാട്ടി.

താന്‍ മുമ്പ് രണ്ടര വര്‍ഷക്കാലം ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവില്‍ കേരള പോലീസ് ആക്ട് അനുസരിച്ച് ആരുടെയും തലയ്ക്കടിക്കരുതെന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടായിരുന്ന കാര്യവും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

പോലീസുകാരെ കൊല്ലുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലാത്തികൊണ്ട് തലയ്ക്കടിച്ചാല്‍ അത് കൊലപാതകത്തില്‍ കലാശിക്കുമെന്നാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും വി. ജോയ് സഭയില്‍ വിശദീകരിച്ചു. ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ പേരെടുത്തു പറഞ്ഞ് കൊല്ലുമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും ജോയ് വെല്ലുവിളിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.