നീതിരഹിതമായ ഉദ്ദേശ്യങ്ങളില്ലാതെ ദൈവത്തിൻ്റെ നീതിക്ക് അനുസൃതമായി നീക്കുപോക്കുകൾക്ക് വഴങ്ങാതെ ജീവിക്കാൻ യേശു നമ്മെ വിളിക്കുന്നു: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

നീതിരഹിതമായ ഉദ്ദേശ്യങ്ങളില്ലാതെ ദൈവത്തിൻ്റെ നീതിക്ക് അനുസൃതമായി നീക്കുപോക്കുകൾക്ക് വഴങ്ങാതെ ജീവിക്കാൻ യേശു നമ്മെ വിളിക്കുന്നു: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: സ്വതന്ത്ര മനസ്സോടും സത്യസന്ധതയോടുംകൂടെ നന്മ ചെയ്യാനാണ് യേശു നമ്മെ വിളിക്കുന്നതെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. അടിമത്തപരമായ ഭയത്തിൽനിന്നും കാപട്യത്തിൽനിന്നും മോചിതരാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ശ്വാസകോശത്തിലെ ശസ്ത്രക്രിയക്കും തുടർന്നുള്ള വിശ്രമത്തിനും ശേഷം ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.' (മത്തായി 22 : 21) ക്രിസ്തുവിൻ്റെ വിശ്വവിഖ്യാതമായ ഈ വചനമാണ് മാർപാപ്പ ഈയാഴ്ച വിചിന്തന വിഷയമാക്കിയത്. പരിശുദ്ധ പിതാവിനെ അഭിവാദ്യം ചെയ്യാനും ഞായറാഴ്ചതോറും നടത്താറുള്ള പ്രതിവാര മരിയൻ പ്രാർത്ഥനയിൽ പങ്കുചേരാനുമായി ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരുമാണ് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചു കൂടിയിരുന്നത്.

'സീസറിനുള്ളത് സീസറിന് കൊടുക്കുക'

യേശുവിൻ്റെ വചനങ്ങളിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന ഒന്നാണ് മേൽപ്പറഞ്ഞ വചനം എന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു. അത് യേശുവിനെ വാക്കിൽ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള അവിടത്തെ മറുപടിയാണ്. കുറിക്കുകൊള്ളുന്ന ഒരു ഉത്തരമായിരുന്നു അത്. കാരണം, ആ ഉത്തരത്തിലൂടെ അവിടന്ന് തന്നെ പരീക്ഷിക്കാൻ ലക്ഷ്യമിട്ടവരുടെ കാപട്യം തുറന്നുകാട്ടുകയും അവരുടെ കുതന്ത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

ഈ ഭാഗം വായിക്കുമ്പോൾ നാം എത്തിച്ചേരേണ്ട നിഗമനം ഇതാണ്: ചരിത്രത്തെ ഭയപ്പെടുന്ന ഒരു ദൈവത്തെയല്ല, ചരിത്രത്തിൽ വസിച്ചുകൊണ്ട് അതിൻ്റെ ഭാഗമായിത്തീർന്ന ദൈവത്തെയാണ് നാം യേശുവിൽ കണ്ടുമുട്ടുന്നത്. അവിടത്തെ രാജ്യം മനുഷ്യൻ്റെ കടമകളെയും ഉത്തരവാദിത്വങ്ങളെയും ഇല്ലാതാക്കുന്നില്ല - മാർപാപ്പ പറഞ്ഞു.

സത്യസന്ധരായിരിക്കുക, സ്വാതന്ത്ര്യത്തോടെ നന്മ ചെയ്യുക

സ്വാർത്ഥമോഹങ്ങളിൽ നിന്നും നീതിരഹിതമായ ഉദ്ദേശങ്ങളിൽ നിന്നും മുക്തരായി, മറ്റെന്തിനേക്കാളും ഉപരിയായി ദൈവരാജ്യവും അവിടത്തെ നീതിയും അന്വേഷിച്ചുകൊണ്ട്, നീക്കുപോക്കുകൾക്ക് വഴങ്ങാതെ ജീവിക്കാനാണ് യേശു നമ്മെ വിളിക്കുന്നതെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി. അതേസമയം, സുവിശേഷത്തിൽ യേശുവിനെ പുകഴ്ത്തി സംസാരിച്ച ചിലരുടെ കാപട്യത്തെപ്പറ്റിയും മാർപാപ്പ എടുത്തുപറഞ്ഞു. അവരുടെ ഉദ്ദേശ്യങ്ങൾ ഒട്ടും നല്ലതായിരുന്നില്ലെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ചുരുക്കത്തിൽ, 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതാണ്: സത്യസന്ധരായിരിക്കുക, അടിമത്തപരമായ ഭയത്തിൽനിന്നും കാപട്യത്തിൽനിന്നും മുക്തരാവുക, സ്വതന്ത്ര മനസ്സോടെ നന്മ ചെയ്യുക. 'ഇങ്ങനെയായിത്തീരാൻ കർത്താവിനോട് നമുക്ക് പ്രാർഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്തിന് നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യാം' - പാപ്പാ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.