ഹൈറേഞ്ചില്‍ കനത്ത മഴ; കല്ലാര്‍ ഡാം തുറന്നു; അടിമാലി-മൂന്നാര്‍ റൂട്ടില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

ഹൈറേഞ്ചില്‍ കനത്ത മഴ; കല്ലാര്‍ ഡാം തുറന്നു; അടിമാലി-മൂന്നാര്‍ റൂട്ടില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ടും ഇടുക്കിയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലകളില്‍ മഴ കനത്തതോടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് എത്തുന്നതിനാലുമാണ് ഈ നടപടി.

നിലവില്‍ ഡാമിലെ ജലനിരപ്പ് 821 മീറ്ററിലെത്തിയിട്ടുണ്ട്. പരമാവധി 824.48 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. ഷട്ടറുകള്‍ തുറക്കുന്നതോടെ 80 ക്യുമെക്‌സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചിന്നാര്‍, കല്ലാര്‍ പുഴകളുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇതിനുപുറമെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി-മൂന്നാര്‍ റൂട്ടിലെ രണ്ടാം മൈലില്‍ വന്‍ പാറ റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ദേശീയപാത നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചത്. പ്രദേശത്ത് അപകടകരമായി നില്‍ക്കുന്ന മറ്റു പാറകളും വന്‍മരങ്ങളും സുരക്ഷിതമായി നീക്കം ചെയ്യാനും റോഡിലെ തടസങ്ങള്‍ മാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ ഭീഷണി പൂര്‍ണമായും ഒഴിവാകുന്നത് വരെ ഗതാഗത നിരോധനം തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബദല്‍ യാത്രാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറില്‍ നിന്ന് അടിമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ രണ്ടാം മൈലില്‍ നിന്ന് തിരിഞ്ഞ് ആനച്ചാല്‍, ഇരുട്ടുകാനം വഴി അടിമാലിയിലെത്തണം. അടിമാലിയില്‍ നിന്ന് മൂന്നാറിലേക്ക് പോകുന്നവര്‍ ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ് ആനച്ചാല്‍ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകേണ്ടതാണ്.

മാങ്കുളം ഭാഗത്തേക്ക് പോകുന്നവര്‍ ഇരുട്ടുകാനത്ത് നിന്ന് കല്ലാര്‍ ജങ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം. മൂന്ന് ദിവസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദഗ്ധ സാങ്കേതിക സമിതി അപകടനില പൂര്‍ണമായും ഒഴിവായെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഈ പാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.