പാരിസ്: ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതിലും വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് ഫ്രാന്‍സില്‍ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം എഴുപതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, ജലപീരങ്കികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 135 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് വലിയ തോതില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ മൂവായിരത്തോളം കടകളും വാണിജ്യ സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ശക്തമായ മുന്‍കരുതല്‍ നടപടികളാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. പാരിസിലെ പ്രശസ്തമായ ലൂവ്ര്, ഓര്‍സെ തുടങ്ങിയ പ്രമുഖ മ്യൂസിയങ്ങള്‍ താല്കാലികമായി അടച്ചുപൂട്ടി. വ്യാപാരികള്‍ സ്വന്തം സ്ഥാപനങ്ങള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ്.
വെള്ളിയാഴ്ച പാരിസില്‍ സംഘടിപ്പിക്കാനിരുന്ന പ്രധാന പ്രകടനം സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് വഴിതിരിച്ചുവിടുകയും നഗരത്തിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ലിയോണില്‍ വച്ച് പൊലീസിന്റെ വിലക്ക് ലംഘിച്ച് മുന്നേറാന്‍ ശ്രമിച്ച പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ടര ലക്ഷം അധിക സീറ്റുകള്‍ അനുവദിക്കുക, വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 200 യൂറോ വീതം ധനസഹായം നല്‍കുക, ജീവനക്കാരുടെ വേതനവും പെന്‍ഷനും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ശക്തമാകുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയ പശ്ചാത്തലത്തില്‍, പ്രക്ഷോഭകര്‍ പ്രതിഷേധം കൂടുതല്‍ തീവ്രമാക്കുകയാണ്. ഫ്രാന്‍സിന് പുറമെ ഇറ്റലി, സ്പെയിന്, അല്‍ബേനിയ തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ജീവിതച്ചെലവ് വര്‍ധനവിനെതിരെ ജനവികാരം ശക്തമാകുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.