വത്തിക്കാൻ സിറ്റി: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രത്യേകിച്ച് മേഘാലയയിലെ ഗാരോ കുന്നുകളുടെ സുവിശേഷവൽക്കരണത്തിൽ നിർണായക പങ്കുവഹിച്ച ബിഷപ്പ് ഒറസ്റ്റോ മാരംഗോയെ സഭയിലെ 'ധന്യൻ' പദവിയിലേക്ക് ഉയർത്തി. ബിഷപ്പ് മാരംഗോയുടെ വീരോചിത പുണ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള നിർണായക പ്രഖ്യാപനം വത്തിക്കാന്റെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്ട്രിയാണ് പുറപ്പെടുവിച്ചത്.
ഇറ്റലിയിലെ കുണിയോ പ്രവിശ്യയിലുള്ള ഡിയാനോ ദാൽബയിൽ 1906 ഓഗസ്റ്റ് 29-നാണ് ഒറസ്റ്റോ മാരംഗോ ജനിച്ചത്. 1923-ൽ തന്റെ 17-ാം വയസ്സിൽ സലേഷ്യൻ സന്യാസ സഭയുടെ മിഷണറിയായി ഇന്ത്യയിൽ എത്തിയ അദേഹം വടക്കുകിഴക്കൻ മേഖലകളിലെ സുവിശേഷവേലയ്ക്കായി തന്റെ ജീവിതം പൂർണമായി സമർപ്പിച്ചു.
1969-ൽ പുതുതായി സ്ഥാപിതമായ തുറാരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. ദുർഘടമായ മലനിരകളും റോഡ് സൗകര്യങ്ങളോ മറ്റടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് കാൽനടയായും പരിമിതമായ യാത്രാസൗകര്യങ്ങൾ ഉപയോഗിച്ചുമാണ് അദേഹം ഗ്രാമങ്ങൾ തോറും സഞ്ചരിച്ചിരുന്നത്. ഗാരോ ജനതയ്ക്കായി ഇടവകകളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ട് മേഘാലയിലെ കത്തോലിക്കാ സഭയ്ക്ക് ശക്തമായ അടിത്തറ പാകിയതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
തന്റെ 70-ാം വയസിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചെങ്കിലും സ്വദേശമായ ഇറ്റലിയിലേക്ക് മടങ്ങാൻ തയ്യാറായില്ല. പകരം ശേഷിച്ച ജീവിതകാലം മുഴുവൻ താൻ സ്വന്തം കുടുംബമായി കണ്ട ഗാരോ ജനതയ്ക്കൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സാധാരണക്കാരോടൊപ്പം ജീവിച്ച് അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേർന്ന ആ നല്ല ഇടയൻ 1998 ജൂലൈ 30-ന് 91-ാം വയസിൽ തുറയിൽ വെച്ച് അന്തരിച്ചു.
ഒരു വിദേശ മിഷണറി ആയിട്ടല്ല മറിച്ച് മലനിരകളുടെ സ്വന്തം പിതാവായിട്ടാണ് മേഘാലയയിലെ ജനങ്ങൾ ബിഷപ്പ് ഒറസ്റ്റോ മാരംഗോയെ ഇന്നും സ്മരിക്കുന്നത്. അദേഹത്തെ 'ധന്യൻ' പദവിയിലേക്ക് ഉയർത്തിയത് ഭാരതത്തിലെ വടക്കുകിഴക്കൻ സഭയ്ക്കും വിശ്വാസികൾക്കും വലിയ ആത്മീയ ആഹ്ലാദമാണ് പകരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.