ഇസ്രയേലില്‍ നിര്‍ണായക വിധിയെഴുത്തിന് തുടക്കമായി; നെതന്യാഹുവോ, ഐസന്‍കോട്ടോ?.. കടുത്ത മത്സരം

 ഇസ്രയേലില്‍ നിര്‍ണായക വിധിയെഴുത്തിന് തുടക്കമായി; നെതന്യാഹുവോ, ഐസന്‍കോട്ടോ?.. കടുത്ത മത്സരം

ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴ് ആക്രമണത്തിനും തുടര്‍ന്ന് ഹമാസുമായും പിന്നീട് ഇറാന്‍, ലെബനനിലെ ഹിസ്ബുള്ള എന്നിവരുമായുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇസ്രയേലില്‍ ഇന്ന് നിര്‍ണായക വിധിയെഴുത്ത് നടക്കുകയാണ്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കസേരയില്‍ നിന്ന് പടിയിറങ്ങുമോ എന്നതിനൊപ്പം യുദ്ധങ്ങളുടെ ഭാവിയെ കൂടി നിര്‍ണയിക്കുന്ന ചൂണ്ടുപലകയാകും ഇസ്രയേലിലെ തിരഞ്ഞെടുപ്പ്.

മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് ഭരണപക്ഷ മുന്നണിയുടെ പ്രധാന എതിരാളി. കടുത്ത മത്സരമായതിനാല്‍ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യമാണോ അതോ ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യമാണോ ഭരണം പിടിക്കുക എന്നത് പ്രവചനാതീതമാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ വലിയ പങ്കാളിത്തം ഉറപ്പാക്കാന്‍ അറബ് പാര്‍ട്ടികള്‍ ശ്രമിക്കുന്നതും നിര്‍ണായകമാകും.

ഇറാനെതിരായ യുദ്ധം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ തുറുപ്പുചീട്ടും അതുതന്നെ. ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇറാന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ഗാസയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാണ്.

പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ നയിക്കാന്‍ ശേഷിയുള്ള നേതാവായാണ് നെതന്യാഹുവിനെ അദ്ദേഹത്തിന്റെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്. പരിചയസമ്പന്നനായ രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹം നിരവധി യുദ്ധങ്ങളില്‍ ഇസ്രായേലിനെ വിജയിപ്പിച്ചു എന്ന് നെതന്യാഹു അനുകൂലികള്‍ പറയുന്നു.

എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്ന നേതാവ് എന്നാണ് മറുപക്ഷം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗുരുതരമായ അഴിമതി കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹു, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് ഗാസയ്ക്കെതിരായ ആക്രമണം നീട്ടിയത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒക്ടോബര്‍ ഏഴ് ആക്രമണത്തിലെ ബന്ദികളാക്കപ്പെട്ടവരുടെ മോചനം വൈകിപ്പിച്ചതും നെതന്യാഹു തന്നെയാണ് എന്നും ആരോപണമുണ്ട്.

എന്നാല്‍ രാജ്യസുരക്ഷയില്‍ പരിചയസമ്പത്തുള്ള, കഴിവുറ്റ നേതാവ് എന്നതാണ് ഐസന്‍കോട്ടില്‍ അനുയായികള്‍ കാണുന്ന ഗുണം. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ ചോര്‍ന്നു പോകുന്നത് തടയാന്‍ ഐസന്‍കോട്ടിന് കഴിയുമെന്നാണ് അദ്ദേഹത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന പാര്‍ട്ടികള്‍ കരുതുന്നത്.

ഗാസയിലെ ഏറ്റുമുട്ടലില്‍ മകനേയും രണ്ട് സഹോദര പുത്രന്മാരേയും നഷ്ടപ്പെട്ടയാളാണ് ഐസന്‍കോട്ട്. യുദ്ധത്തിന്റെ വേദന നേരിട്ട് അനുഭവിച്ച വ്യക്തി എന്ന നിലയില്‍ ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രയേലിന്റെയാകെ വേദന കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വിശ്വാസം.അന്താരാഷ്ട്ര തലത്തിലുള്ള ഇസ്രായേലിന്റെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്നാണ് ഐസന്‍കോട്ടിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.