വിശാഖപട്ടണം: അതിതീവ്ര കാറ്റഗറിയിലുള്ള അര്‍ണബ് ചുഴലിക്കാറ്റ് 'അര്‍ണബ്' ആന്ധ്രാപ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബുധനാഴ്ച ഉച്ചയ്ക്കു മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നിഗമനം. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 140 കിലോമാറ്റര്‍ വേഗതയുള്ള ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇക്കാരണത്താല്‍ ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അര്‍ണബ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്ര, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ശക്തമായും കാറ്റും മഴയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആന്ധ്രയിലെ 11 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി സൗത്ത് കോസ്റ്റ് റെയില്‍വേ അറിയിച്ചു.
വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും അര്‍ണബ് ബാധിച്ചേക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്ന സമയം കൃത്യമായി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് ആന്‍ഡമാനിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇന്നു വൈകുന്നേരം മുതല്‍ നാളെ വൈകുന്നേരം വരെ വടക്കന്‍ തമിഴ്നാട് തീരത്തും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.