ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങളും അമേരിക്കയുടെ നാവിക ഉപരോധങ്ങളും മറികടന്ന് ഇറാന്‍ വന്‍തോതില്‍ ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ട്.
ഇതിനായി ഇറാന്‍ രഹസ്യ സൈനിക ശൃംഖല രൂപീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'എം.ഒ.ഡി'(മിനിസ്ട്രി ഓഫ് ഡിഫന്‍സ്) എന്ന് തുടങ്ങുന്ന പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അയ്യായിരത്തിലധികം രഹസ്യ ഏജന്‍സികളാണ് ഈ ധനകാര്യ-സൈനിക ശൃംഖലയ്ക്ക് പിന്നിലുള്ളത്.
ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായും (ഐ.ആര്‍.ജി.സി) ഇറാന്റെ ഭരണ നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള 'ബോന്യാദ്' എന്ന ബിസിനസ് ഗ്രൂപ്പുകളുമായും ഇവയ്ക്ക് അടുത്ത ബന്ധമുണ്ട്. 2025 ജനുവരി മുതല്‍ കുറഞ്ഞത് 200 കോടി ഡോളറിന്റെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ട്രക്കുകളും ഇറാന്‍ ഇത്തരത്തില്‍ ഇറക്കുമതി ചെയ്തതായാണ് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നത്.
2025 ജനുവരി മുതല്‍ 2026 ജൂണ്‍ വരെ 'എം.ഒ.ഡി 346428' എന്ന ഒരൊറ്റ ഏജന്‍സി മാത്രം വലിയ അളവില്‍ റോക്കറ്റ് ഇന്ധനം, സ്‌ഫോടക വസ്തുക്കള്‍, ഡ്രോണ്‍-മിസൈല്‍ ഭാഗങ്ങള്‍, മിസൈല്‍ ലോഞ്ചറുകളായി ഉപയോഗിക്കാവുന്ന ട്രക്കുകള്‍ എന്നിവ ഇറക്കുമതി ചെയ്തു. കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ എത്തിയ ഈ സാമഗ്രികളില്‍ ഭൂരിഭാഗവും ചൈന, റഷ്യ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
ഈ രഹസ്യ ഏജന്‍സികളെല്ലാം ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിലാസമാണ് നല്‍കിയിട്ടുള്ളത്. ഇറാന്റെ വിപ്ലവദിനമായ 1979 ഫെബ്രുവരി 11 നാണ് ഇവയുടെ രൂപീകരണ തിയതിയായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഉപരോധം ശക്തമായതിനെ തുടര്‍ന്ന് 2013 ലാണ് ഇവയില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
നിയമവിരുദ്ധ എണ്ണ വില്‍പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശ ഏജന്റുമാരും വ്യാജ കമ്പനികളും വഴിയാണ് ഈ ശൃംഖല ആയുധങ്ങള്‍ വാങ്ങുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ പ്രോഗ്രാമുകളിലെ മുതിര്‍ന്ന സൈനിക തലവന്മാര്‍ ഈ ശൃംഖല ഉപയോഗിക്കുന്നുണ്ട്. ബാങ്ക്-സര്‍ക്കാര്‍ രേഖകള്‍, കോര്‍പ്പറേറ്റ് ഫയലിങുകള്‍, ഇറക്കുമതി വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഈ ഏജന്‍സികള്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ നേരിട്ട് ഉപരോധം ഏര്‍പ്പെടുത്തിയതായി തെളിവുകളില്ല. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഇറാന്‍ ഭരണകൂടമോ ഐക്യരാഷ്ട്ര സഭയിലെ അവരുടെ പ്രതിനിധികളോ തയ്യാറായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.