ആഴക്കടലില്‍ യുദ്ധക്കപ്പല്‍ മൂന്ന് തവണ മുങ്ങിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട പൂച്ച; 'അണ്‍സിങ്കബിള്‍ സാം'

ആഴക്കടലില്‍ യുദ്ധക്കപ്പല്‍ മൂന്ന് തവണ മുങ്ങിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട പൂച്ച; 'അണ്‍സിങ്കബിള്‍ സാം'

അണ്‍സിങ്കബിള്‍ സാം... ഇങ്ങനെ അറിയപ്പെടുന്നത് ഒരു പൂച്ചയാണ്. വെറും പൂച്ചയല്ല ഒരുകാലത്ത് സൈനികസേവനത്തില്‍ മികച്ചു നിന്ന പൂച്ച. രണ്ടാം ലോകമഹായുദ്ധകാലത്ത് മൂന്നു തവണ മരണത്തെ അതിജീവിച്ച ഈ പൂച്ച അണ്‍സിങ്കബിള്‍ സാം എന്നാണ് അറിയപ്പെടുന്നത്.


പണ്ടുകാലങ്ങളില്‍ കപ്പലുകളില്‍ പൂച്ചയേയും കരുതാറുണ്ടായിരുന്നു. തുരപ്പന്‍മാരായ എലികളില്‍ നിന്നും കപ്പലുകളെ സംരക്ഷിക്കാനായിരുന്നു ഇത്. എലികള്‍ പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാലും മിക്ക കപ്പലുകളിലും പൂച്ചകളേയും ഉള്‍പ്പെടുത്തും. മാത്രമല്ല യുദ്ധകാലത്ത് സൈന്യത്തോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച പൂച്ചകളും യുദ്ധക്കപ്പലുകളില്‍ ഉണ്ടാകും. അത്തരത്തിലൊരു സൈനിക പൂച്ചയാണ് സാം അഥവാ ഓസ്‌കാര്‍. ജര്‍മന്‍, ബ്രിട്ടീഷ് യുദ്ധക്കപ്പലിലെ അംഗമായിരുന്നു ഈ പൂച്ച. കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറമായിരുന്നു സാമിന്.

യുദ്ധാവശ്യങ്ങള്‍ക്കായുള്ള കപ്പല്‍ യാത്രയില്‍ മൂന്നു തവണ കപ്പല്‍ മുങ്ങിയിട്ടും സാം രക്ഷപ്പെട്ടു, അദ്ഭുതകരമായി. ജര്‍മന്‍ യുദ്ധക്കപ്പലായ ബിസ്മാര്‍ക്കില്‍ വെച്ചായിരുന്നു ആദ്യത്തെ അപകടം. ബ്രിട്ടീഷ് സൈന്യം 1941 മെയ് 27 ന് ബിസ്മാര്‍ക്കിനെ മുക്കിക്കളഞ്ഞു. രണ്ടായിരത്തിലധികം നാവികര്‍ ഉണ്ടായിരുന്ന കപ്പലില്‍ നിന്നും 115 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. സാമും അന്ന് രക്ഷപ്പെട്ടു. കപ്പല്‍ മുങ്ങിയപ്പോള്‍ ഒരു തടിക്കഷ്ണത്തില്‍ പിടിച്ചിരുന്ന പൂച്ചയെ ബ്രിട്ടീഷ് സൈന്യം അന്ന് കൂടെക്കൂട്ടി. അവര്‍ക്ക് അവന്റെ പേര് അറിയാതിരുന്നതിനാല്‍ അവര്‍ അവനെ ഓസ്‌കാര്‍ എന്ന് വിളിച്ചു.


പിന്നീട് കുറച്ചു നാളുകള്‍ ബ്രിട്ടീഷ് കപ്പലായ കോസാക്കില്‍ ആയിരുന്നു പൂച്ചയുടെ സേവനം. എന്നാല്‍ 1941 ഒക്ടോബര്‍ 27 ന് ഒരു ബോംബാക്രമണത്തില്‍ കപ്പല്‍ നശിപ്പിക്കപ്പെട്ടു. 139 ആളുകള്‍ മരണപ്പെട്ടപ്പോഴും സാം അദ്ഭുതകരമായി രക്ഷപ്പെട്ടു. സാമിന്റെ രക്ഷപ്പെടലുകള്‍ അറിഞ്ഞ ബ്രിട്ടീഷ് സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ അവന് അണ്‍സിങ്കബിള്‍ സാം എന്ന് പേരിട്ടു.

സാമിന്റെ ജീവിതത്തില്‍ മൂന്നമാത് നടന്ന അപകടത്തില്‍ അല്‍പം കൗതുകം കൂടിയുണ്ട്. ഇത്തവണ സാം സേവനം അനുഷ്ഠിച്ചത് സാമിന്റെ ജീവിതത്തിലെ ആദ്യത്തെ കപ്പലായ ബിസ്മാര്‍ക്കിനെ തകര്‍ക്കാന്‍ സഹായിച്ച എച്ച്എംഎസ് ആര്‍ക്ക് റോയല്‍ എന്ന കപ്പലിലാണ്. ഇതുതന്നെയാണ് കൗതുകം നിറയ്ക്കുന്നതും. നിരവധി ആക്രമണങ്ങളെ അതിജീവിച്ച കപ്പല്‍ ഭാഗ്യക്കപ്പല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1941 നവംബര്‍ 14 ന് ഭാഗ്യം ഈ കപ്പലിനെ തുണച്ചില്ല. കപ്പലിന് നേരയുണ്ടായ ബോംബാക്രമണത്തില്‍ കപ്പല്‍ മുങ്ങി. എങ്കിലും സാം വീണ്ടും രക്ഷപ്പെട്ടു.


പിന്നീട് കടല്‍ജീവിതം അവസാനിപ്പിച്ചു സാം. ജിബ്രാള്‍ട്ടറിലെ ഗവര്‍ണര്‍ ജനറിലിന്റെ കെട്ടിടത്തില്‍ എലികളെ തുരത്തുക എന്നതായിരുന്നു പിന്നീട് സാമിന്റെ ചുമതല. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സാം യുകെയിലെ ബെല്‍ഫാസ്റ്റില്‍ നാവികര്‍ക്കു വേണ്ടിയുള്ള ഒരു വീട്ടിലെത്തി. 1955-ല്‍ അവിടെവെച്ച് മരണം കവരുകയും ചെയ്തു ഈ പൂച്ചയെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.