തെരഞ്ഞെടുപ്പിന് മുമ്പേ മൂന്ന് മണ്ഡലങ്ങളില്‍ താമര വാടി: പത്രിക തള്ളിയ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പിന് മുമ്പേ മൂന്ന് മണ്ഡലങ്ങളില്‍ താമര വാടി:  പത്രിക തള്ളിയ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ തലശേരിയില്‍ എന്‍. ഹരിദാസിനും ഗുരുവായൂരില്‍ അഡ്വ.നിവേദിത സുബ്രഹ്മണ്യത്തിനും ദേവികുളത്ത് ആര്‍.എം. ധനലക്ഷ്മിയ്ക്കും മത്സരിക്കാനാവില്ല. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി.

പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിക്ക് ഇടപെടാനാവില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പു കമ്മിഷന്‍ തുടക്കം മുതല്‍ ഉയര്‍ത്തിയിരുന്നു.

പിറവത്ത് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു.

കൊണ്ടോട്ടിയില്‍ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശേരിയിലെ സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.