ലക്‌നൗ: ട്രെയിന്‍ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍ നാലു ക്രൈസ്തവ സന്യാസിനിമാര്‍ക്കു നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ ഝാന്‍സിയില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം.
തിരുഹൃദയ സന്യാസിനീ സമൂഹം (എസ്.എച്ച്) ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ക്കു നേരേയാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. സന്യസ്ത വസ്ത്രം മാറിയാണ് സന്യാസിനിമാര്‍ രക്ഷപെട്ടത്. ഒഡീഷ സ്വദേശികളായ രണ്ട് സന്യാസിനിമാരെ അവധിക്ക് നാട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ കൂടെപ്പോയതായിരുന്നു ഒരു മലയാളി ഉള്‍പ്പെടെയുള്ള മറ്റു രണ്ട് സന്യാസിനിമാര്‍. പോസ്റ്റുലന്റ്‌സ് ആയിരുന്നതിനാല്‍ രണ്ടുപേര്‍ സാധാരണ വസ്ത്രവും രണ്ടുപേര്‍ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേര്‍ഡ് എ.സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. വൈകിട്ട് ആറരയോടെ ഝാന്‍സിയില്‍ എത്തിയപ്പോള്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
സാധാരണ വേഷം ധരിച്ച സന്യാസിനിമാരെ മതം മാറ്റാനായി കൊണ്ടുപോയി എന്നാരോപിച്ചാണ് ആക്രമണം. ബഹളം തുടര്‍ന്നപ്പോള്‍ സന്യാസിനിമാരില്‍ ഒരാള്‍ ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് വിളിച്ച് വിവരം കൈമാറി. അക്രമികള്‍ സന്യാസിനിമാരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അവകാശപ്പെട്ട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആരംഭിക്കുകയും ചെയ്തു. സന്യാസിനികളോട് നിങ്ങള്‍ ക്രിസ്ത്യാനികളല്ല, മതംമാറ്റാനായി കൊണ്ടുപോവുകയാണെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. അതേസമയം, തങ്ങള്‍ ജന്മനാ ക്രൈസ്തവരാണെന്നു വിശദീകരിച്ചിട്ടും അക്രമികള്‍ പിന്മാറാന്‍ തയാറായില്ല.
മതം മാറ്റാന്‍ സ്ത്രീകളെ കൊണ്ടുപോകുന്നു എന്നറിയിച്ച് പോലീസിനെയും അക്രമികള്‍ തെറ്റിദ്ധരിപ്പിച്ചു. ആന്റി കണ്‍വെര്‍ഷന്‍ നിയമം ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയിട്ടുള്ളതിനാല്‍ അതിനെതിരേ സന്യാസിനികള്‍ പ്രവര്‍ത്തിച്ചു എന്നാണ് അക്രമികള്‍ ആരോപിച്ചത്.
ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍)) പോലീസ് ട്രെയിനിനുള്ളില്‍ പ്രവേശിക്കുകയും നാലുപേരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവധിക്കു നാട്ടില്‍ പോവുകയാണെന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നു പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല. വനിതാ പോലീസ് വേണമെന്ന ആവശ്യവും തള്ളിയ പോലീസ് ബലപ്രയോഗത്തിലൂടെ ട്രെയിനില്‍നിന്ന് പുറത്തിറക്കി. അധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും എല്ലാം വ്യാജമാണെന്നാണ് അക്രമികളും പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞത്.
വനിതാ പോലീസ് ഇല്ലാതെ വരില്ലെന്ന് സന്യാസിനിമാരില്‍ ഒരാള്‍ തീര്‍ത്തുപറഞ്ഞതിനാല്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. നാലു പേരെയും പോലീസ് കൊണ്ടുപോയതിനു പിന്നാലെ ജയ്ശ്രീറാം വിളിയുമായി നൂറ്റന്‍പതില്‍പ്പരം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും അകമ്പടിയായി പോലീസ് സ്‌റ്റേഷനിലെത്തി. ഡല്‍ഹിയിലുള്ള സന്യാസിനിമാര്‍ തുടരെത്തുടരെ ഫോണ്‍ വിളിച്ചെങ്കിലും ഫോണെടുക്കാന്‍ അക്രമികളും പോലീസും അനുവദിച്ചില്ല.
ഡല്‍ഹിയിലെ സന്യാസിനിമാര്‍ അഭിഭാഷകനായ വൈദികന്‍ വഴി, ഝാന്‍സി ബിഷപ്പ് ഹൗസിലും ലക്‌നൗ ഐജിയെയും, കൂടാതെ ഡല്‍ഹിയിലെ ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഐജിയുടെ നിര്‍ദ്ദേശപ്രകാരം, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിയതോടെ കന്യാസ്ത്രീകളുടെ നിരപരാധിതം തെളിയുകയായിരുന്നു.
രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാര്‍ പോലീസ് സ്റ്റേഷന്‍ വിട്ടത്. തുടര്‍ന്ന് ഝാന്‍സി ബിഷപ്പ് ഹൗസിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. ഝാന്‍സിയിലെ വൈദികരുടെ സമയോചിതമായ ഇടപെടലാണ് നാലുപേരെ രക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്ന് ശനിയാഴ്ച ട്രെയിനില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അകമ്പടിയോടെ ഒഡീഷയിലേക്കു യാത്രയാക്കി. ആക്രമണ സാധ്യതയുള്ളതിനാല്‍ സാധാരണ വേഷം ധരിച്ചാണ് എല്ലാവരും യാത്ര തുടര്‍ന്നത്. വിഐപി കോച്ചില്‍ യാത്രയ്ക്കുള്ള അവസരമൊരുക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും വികലാംഗര്‍ക്കുള്ള കോച്ചില്‍ രണ്ടു സീറ്റിലായി ഇരുന്നാണ് ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ തീവ്രവര്‍ഗീയതയ്ക്ക് കീഴ്പ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഝാന്‍സിയില്‍ സന്യാസിനിമാര്‍ക്കുണ്ടായ ദുരനുഭവം.
വാര്‍ത്തയുടെ വീഡിയോ ദൃശ്യങ്ങള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.