അഞ്ചുവിളക്കിന്റെ നാട്ടില്‍ ആര് ? പോരാട്ട ഭൂമിയായി ചങ്ങനാശ്ശേരി !

അഞ്ചുവിളക്കിന്റെ നാട്ടില്‍ ആര് ? പോരാട്ട ഭൂമിയായി ചങ്ങനാശ്ശേരി !

ചങ്ങനാശ്ശേരി : പ്രവചനാതീതമായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ മത്സരം. കേരളാ കോണ്‍ഗ്രസ്സിലെ ജോസ് കെ മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ വഴിപിരിഞ്ഞ സാഹചര്യത്തിലാണ് ഇവിടെ മത്സരം കടുക്കുന്നത്. കേരളാ കോണ്‍ഗ്രസ്സിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് ചങ്ങനാശ്ശേരി. മത്സര രംഗത്തുള്ള രണ്ട് സ്ഥാനാര്‍ത്ഥികളും പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ കരുത്തരാണെന്നതാണ് ശ്രദ്ധേയം.

യുവജന നേതാവും ജോസ് കെ മാണിയുടെ വിശ്വസ്തനുമായ അഡ്വ ജോബ് മൈക്കിളാണ് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി അംഗവും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന വി.ജെ ലാലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇവര്‍ രണ്ട് പേരും ചങ്ങനാശ്ശേരിക്കാര്‍ക്ക് പ്രിയപ്പെട്ടവരാണ്.

കേരളാ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാന്‍ വോട്ടറന്മാര്‍ നന്നേ പ്രയാസപ്പെടും. സീറോ മലബാര്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ചങ്ങനാശ്ശേരി അതിരൂപത ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന്, 'രണ്ട് പേരും സഭയുടെ പ്രിയപ്പെട്ട മക്കളും, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുമാണെന്നായിരുന്നു അതിരൂപതയിലെ ഒരു വൈദികന്റെ പ്രതികരണം.


കേരളാ കോണ്‍ഗ്രസ്സ് നേതാവും, കെ എം മാണിയുടെ വിശ്വസ്തനുമായിരുന്ന സി എഫ് തോമസാണ് 1982 മുതല്‍ ചങ്ങനാശ്ശേരിയുടെ എം എല്‍ എ. കേരളാ കോണ്‍ഗ്രസ്സിലെ ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തപ്പോള്‍ സി എഫ് തോമസ്, പി ജെ ജോസഫിനൊപ്പം നിലയുറപ്പിച്ചു. സി എഫ് തോമസ് ഇടത് മുന്നണിയിലും ഐക്യ ജനാധിപത്യ മുന്നണിയിലും നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട് എന്നത് രണ്ട് മുന്നണികള്‍ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയെകൂടാതെ, കുറിച്ചി, മടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നുള്ള ഒരു നിയമസഭാമണ്ഡലമാണിത്. 1970 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. രണ്ട് കേരളാ കോണ്‍ഗ്രസ്സുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ ചങ്ങനാശ്ശേരിയില്‍ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.