കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ബോള്‍ഡന്‍ നഗരത്തിലെ കിങ് ഷോപ്പേഴ്‌സ് എന്ന പലച്ചരക്ക് കടയിലാണ് വെടിവയ്പ്പ് നടന്നത്. കാലിനു പരുക്കേറ്റ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി.
കൊളറാഡോ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഡെന്‍വറിലാണ് ഇന്നലെ പ്രാദേശിക സമയം മൂന്നു മണിയോടെ ദാരുണ സംഭവം നടന്നത്. ആയുധധാരിയായ അക്രമി കടയുടെ മുമ്പില്‍ കൂടിനിന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബോള്‍ഡര്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ എറിക് ടാലി (51) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് ഉണ്ടായതറിഞ്ഞ് പലചരക്ക് കടയില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥനായിരുന്നു എറിക്.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രദേശവാസികള്‍ എത്തിയപ്പോഴായിരുന്നു വെടിവയ്പ്പ്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ സ്ഥലത്ത് നിന്ന് ചിതറിയോടി. വെടിവെപ്പിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ചീഫ് മാരിസ് ഹെറോള്‍ഡ് അറിയിച്ചു.
യുഎസില്‍ ഈ വര്‍ഷം നടന്ന ഏഴാമത്തെ കൂട്ടക്കൊലയാണിത്. മാര്‍ച്ച് 16 ന് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജുപാര്‍ലറുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ആറ് ഏഷ്യന്‍ വംശജര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.