ക്രിസ്തീയ മൂല്യങ്ങളോടു മുഖംതിരിച്ച് ഓസ്‌ട്രേലിയ; ടാസ്മേനിയനിലും ദയാവധം നിലവില്‍ വന്നു

ക്രിസ്തീയ മൂല്യങ്ങളോടു മുഖംതിരിച്ച് ഓസ്‌ട്രേലിയ; ടാസ്മേനിയനിലും ദയാവധം നിലവില്‍ വന്നു

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മേനിയന്‍ സംസ്ഥാനത്തും ദയാവധം നിയമവിധേയമാക്കി. ദയാവധം നിയമവിധേയമാക്കുന്ന ബില്‍ ടാസ്മേനിയന്‍ പാര്‍ലമെന്റില്‍ പാസായി. ക്രൈസ്തവ സഭകളുടെയും മറ്റു പലരുടെയും ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ ഓസ്‌ട്രേലിയയിലെ വിശ്വാസികള്‍ കടുത്ത നിരാശയിലാണ്.

വിക്ടോറിയക്കും പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കും പിന്നാലെ ദയാവധം നിയമവിധേയമാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ടാസ്‌മേനിയ. പതിനെട്ട് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ രോഗികള്‍ക്കാണ് ദയാവധം നല്‍കുന്നത്.
ദയാവധം നിയമവിധേയമാക്കാനുള്ള ബില്‍ ടാസ്‌മേനിയന്‍ പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസില്‍ മാര്‍ച്ച് അഞ്ചിന് പാസായിരുന്നു. ആറിനെതിരെ പതിനാറ് വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്ലിനെ പിന്തുണച്ച ലിബറല്‍ പാര്‍ട്ടി നേതാക്കളില്‍ സംസ്ഥാന പ്രീമിയര്‍ പീറ്റര്‍ ഗട്ട് വെയ്നും ഉള്‍പ്പെടുന്നു.

2009-നുശേഷം സംസ്ഥാന പാര്‍ലമെന്റില്‍ നാലു തവണ അവതരിപ്പിച്ച ശേഷമാണ് ബില്‍ പാസായത്. നിയമനിര്‍മ്മാണ സമിതിയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കുന്നതായി അറിയിച്ച ശേഷമാണ് ബില്‍ പാസായത്. ലോവര്‍ ഹൗസിലെ ചില നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ബില്ലില്‍ ഭേദഗതി വരുത്തിയ ശേഷം ചൊവ്വാഴ്ചയാണ് സ്വതന്ത്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാസായത്. കൗണ്‍സിലര്‍ മൈക്ക് ഗാഫ്നിയാണ് ബില്‍ അവതരിപ്പിച്ചത്.

ദയാവധത്തിന് നിയമപരമായ അനുമതിക്ക് ശ്രമിക്കുന്ന ഓസ്ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നാണ് ക്വീന്‍സ് ലാന്‍ഡ്. അതിനുള്ള ബില്‍ ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റില്‍ മേയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 നവംബറില്‍ വിക്ടോറിയയിലും 2019 ഡിസംബറില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലും നിയമം പാസായി.
ഗുരുതരമായ നാഢീസംബന്ധമായ അസുഖങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, മസ്തിഷ്‌കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികള്‍ക്ക് ദയാവധം നല്‍കും.

അതേസമയം, പ്രമുഖ ലോകരാജ്യങ്ങള്‍ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദയാവധത്തിനെതിരേ ക്രൈസ്തവര്‍ക്കിടയില്‍ ഏതിര്‍പ്പ് ശക്തമാണ്. കത്തോലിക്കാസഭയും ദയാവധത്തെ എതിര്‍ക്കുന്നു. സഭാ പഠനങ്ങള്‍ അനുസരിച്ച് ദൈവവിശ്വാസത്തിന്റെയും ധാര്‍മ്മിക മൂല്യങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനം ദയാവധത്തിലുണ്ടെന്ന് സഭ കരുതുന്നു.

ദയാവധം ഒരു വ്യക്തിയെ അവന്റെ വേദനയില്‍നിന്ന് സ്വതന്ത്രമാക്കുന്ന ഒന്നല്ലെന്നും അത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ പ്രത്യാശയെ തകര്‍ത്തു കളയുന്ന പ്രവൃത്തിയാണെന്നും നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാടു വ്യക്തമാക്കിയിരുന്നു. വൈദ്യശാസ്ത്രപരമായി നോക്കുമ്പോള്‍ ഈ രോഗികള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും കഠിനവേദന സഹിക്കുന്നവരും ഉപയോഗശൂന്യരുമാകാം. എന്തൊക്കെ കാരണങ്ങളുണ്ടായാലും അവര്‍ക്കുവേണ്ടി മരണം തിരഞ്ഞെടുക്കുമ്പോള്‍ അത് ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ബന്ധങ്ങള്‍ അറുത്തുമാറ്റുകയുമാണ് ചെയ്യുന്നത്. ഒരു രോഗിയെ പാലിയേറ്റീവ് കെയറിലോ ആശുപത്രിയിലോ പരിചരിക്കുമ്പോള്‍ നാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെയാണ് അതിലൂടെ മാനിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തിരുന്നു. ലോകത്തിലെ പ്രധാനമതങ്ങള്‍ എല്ലാം ദയാവധത്തെ കൊലപാതകമായാണ് പരിഗണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.